കരസേന ദിന പരേഡ് ബംഗളൂരുവിൽ
text_fieldsബംഗളൂരു: രാജ്യത്തിന്റെ എഴുപത്തഞ്ചാമത് കരസേന ദിന പരേഡ് ഞായറാഴ്ച ബംഗളൂരുവിൽ നടക്കുമെന്ന് പരേഡ് കമാൻഡർ ജനറൽ രവി മുരുകൻ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായ കർണാടക സ്വദേശി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയോടുള്ള ആദര സൂചകമായാണ് പരേഡ് കർണാടകയിൽ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ നേതൃത്വം നൽകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാവും. മദ്രാസ് സാപ്പേഴ്സ് യുദ്ധസ്മാരകത്തിൽ ജനറൽ മനോജ് പാണ്ഡെ ആദരാഞ്ജലിയർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാവും. അശ്വാരൂഢ സേനയുൾപ്പെടെ എട്ടു സേനാ വിഭാഗങ്ങൾ പങ്കെടുക്കും. കരസേന ഹെലികോപ്ടറുകളായ ധ്രുവും രുദ്രയും അകമ്പടിയേകും. അഞ്ചു റെജിമെന്റുകളുടെ മിലിട്ടറി ബാൻഡ് പ്രകടനവുമുണ്ടാകും.
2500 ഓളം അതിഥികളും 8000ത്തിലേറെ പൊതുജനങ്ങളും പരേഡിന് സാക്ഷികളാവും. കരസേനയുടെ ആയുധ പ്രദർശനത്തിൽ പിനാക റോക്കറ്റ്, ടി 90 ടാങ്കുകൾ, ബി.എം.പി 2 ഇൻഫൻട്രി ഫൈറ്റിങ് വെഹിക്കിൾ, തുങ്കുസ്ക എയർ ഡിഫൻസ് സിസ്റ്റം, 155 എം.എം ബൊഫോഴ്സ് തോക്ക്, സ്വാതി റഡാർ തുടങ്ങിയവ അണിനിരത്തും. റിഹേഴ്സൽ ബംഗളൂരുവിലെ കരസേന ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.