കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: കരസേന ഓഫീസർക്ക് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്
text_fieldsജമ്മു/ ശ്രീനഗർ: ജമ്മു- കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കരസേനയുടെ പ്രത്യേക സേനയിലെ ജൂനിയർ കമീഷൻഡ് ഓഫിസർ (ജെ.സി.ഒ) നായിബ് സുബേദാർ രാകേഷ് കുമാറാണ് മരിച്ചത്.
കിശ്ത്വാർ ജില്ലയിലെ കേശ്വാൻ വനത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 ഓടെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച ഗ്രാമ പ്രതിരോധ സംഘത്തിലെ രണ്ടുപേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. നാസിർ അഹ്മദ്, കുൽദീപ് കുമാർ എന്നിവരാണ് കൊലചെയ്യപ്പെട്ടത്.
ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് ഏതാനും കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഗ്രാമീണരുടെ കൊലപാതകത്തെതുടർന്ന് വ്യാഴാഴ്ചമുതൽ കുന്ത്വാര, കേശ്വാൻ വനങ്ങളിൽ സൈന്യം വ്യാപക പരിശോധന ആരംഭിച്ചിരുന്നു. പ്രദേശത്ത് കനത്ത വെടിവെപ്പ് തുടരുകയാണെന്ന് സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായ ‘വൈറ്റ് നൈറ്റ് കോർപ്സ്’ എക്സിൽ അറിയിച്ചു. മൂന്നോ നാലോ തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ ശ്രീനഗറിന് സമീപം സബർവാൻ വനത്തിൽ തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായി. ദച്ചിഗാമിനെയും നിഷാത് മേഖലയെയും ബന്ധിപ്പിക്കുന്ന വനമേഖലയിൽ ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. തീവ്രവാദി സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രണ്ടോ മൂന്നോ തീവ്രവാദികൾ പ്രദേശത്തുള്ളതായാണ് സൂചന. തെരച്ചിൽ ഊർജിതമാക്കിയെന്നും വേഗംതന്നെ ഇവരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മധ്യ കശ്മീർ ഡി.ഐ.ജി രാജീവ് പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.