'ആരും നിന്നെ വെടിവെക്കില്ല'; നാടകീയമായ കീഴടങ്ങൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് കരസേന
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ സംയുക്ത ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ തീവ്രവാദി സുരക്ഷാ സേനയുടെ മുന്നിൽ കീഴടങ്ങുന്നതിെൻറ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. സേനയുടെ തെരച്ചിലിനിടെ അടുത്തിടെ ഭീകരസംഘടനയിൽ ചേർന്ന യുവാവ് കീഴടങ്ങാൻ മുന്നോട്ട് വരികയായിരുന്നു. ജഗാംഹീർ ഭട്ട് എന്ന യുവാവാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇയാളിൽ നിന്നും എ.കെ 47 റൈഫിൾ കണ്ടെടുത്തു.
കരസേന പുറത്തുവിട്ട വീഡിയോയിൽ ഒഴിഞ്ഞ പ്രദേശത്ത് നിന്നും പാൻറ്സ് മാത്രം ധരിച്ച യുവാവ് കൈ ഉയർത്തി നടന്നുവരുന്നത് കാണാം. 'മുന്നോട്ട് വരൂ, ആരും നിന്നെ വെടിവെക്കില്ല' എന്ന് പറഞുകൊണ്ട് സൈനിക ഉദ്യോഗസ്ഥൻ അയാളെ അടുത്തേക്ക് വിളിച്ച് നിലത്തിരുത്തുന്നതും സഹപ്രവർത്തകരോട് വെള്ളം നൽകാൻ ആവശ്യപ്പെടുന്നതും കാണാം.
പഴത്തോട്ടത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. "മകനേ, നിനക്ക് ഒന്നും സംഭവിക്കില്ല, ആരും നിന്നെ ഉപ്രദവിക്കില്ല''- ഓഫീസർ പറയുന്നു. പിന്നീട് ഇയാൾ മറ്റ് കാര്യങ്ങൾ ചോദിച്ചറിയുന്നതും സൈനികർ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതും ദൃശ്യത്തിലുണ്ട്.
കരസേന പുറത്തുവിട്ട മറ്റൊരു വിഡിയോയിൽ, ജഹാംഹീറിെൻറ പിതാവ് മകനെ രക്ഷിച്ചതിന് സുരക്ഷാ സേനയോട് നന്ദി പറയുന്നതും കാണാം. സൈന്യത്തിൽ കീഴടങ്ങിയ മകനെ ആലിംഗനം ചെയ്ത പിതാവ് "അവനെ വീണ്ടും തീവ്രവാദികളോടൊപ്പം പോകാൻ അനുവദിക്കരുത്," എന്ന് സൈനിക ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്നു.
ചദൂര സ്വദേശിയായ ജഹാംഗീറിനെ ഒക്ടോബർ 13 നാണ് കാണാതായത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. അതേദിവസം ഒരു സ്പെഷ്യൽ പൊലീസ് ഓഫീസർ രണ്ട് എകെ -47 റൈഫിളുകളുമായി ഒളിച്ചുകടക്കുകയും ചെയ്തിരുന്നു. ഇവരെ കണ്ടെത്താൻ സൈന്യം സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു.
ശനിയാഴ്ച രാവിലെ നടന്ന സംയുക്ത ഓപ്പറേഷനിൽ ജഹാംഹീറിനെ കണ്ടെത്തി. തുടർന്ന് ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയയായിരുന്നുവെന്ന് കരസേന പ്രസ്താവനയിൽ പറഞ്ഞു.യുവാക്കളെ ഭീകരത പ്രവർത്തനങ്ങളിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ട്. തീവ്രവാദ നിയമനത്തെ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ സൈന്യം തുടരുകയാണ്. ഏതെങ്കിലും തരത്തിലുള്ള പ്രേരണമൂലം തീവ്രസംഘടനകളിൽ ചേരുകയാണെങ്കിൽ, അവർക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ നൽകുന്നുണ്ടെന്നും കരസേന വ്യക്തമാക്കി.
ആഗസ്റ്റിൽ ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലയിലെ കിലൂറ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കീഴടങ്ങിയിരുന്നു. വെടിവെപ്പിൽ അയാൾക്കൊപ്പമുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.