വർഗീയ പരാമർശം; ചോദ്യം ചെയ്യലിനായി അർണബ് ഗോസ്വാമി പൊലീസ് സ്റ്റേഷനിെലത്തി
text_fieldsമുംബൈ: മതവികാരം വ്രണപ്പെടുത്തുക, സാമുദായിക െഎക്യം തകർക്കുക എന്നീ കേസുകളിലെ ചോദ്യംചെയ്യലിനായി റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിലെത്തി. ബുധനാഴ്ച സ്റ്റേഷനിൽ ഹാജരാകാനായി ബോംെബ ഹൈകോടതിയിലെ ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭുയാൻ, റിയാസ് ചഗ്ള എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിരുന്നു. കേസിനുപിന്നിൽ കോൺഗ്രസാണെന്നും സത്യം തെൻറ ഭാഗത്താണെന്നും കേസിൽ വിജയിക്കുമെന്നും അർണബ് പ്രതികരിച്ചു.
കേസുകൾ തള്ളാനും ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽ ഇളവ് ആവശ്യപ്പെട്ടും അർണബ് നൽകിയ ഹരജി വിഡിയോ കോൺഫറൻസ് വഴി പരിഗണിക്കവെയാണ് ൈഹകോടതി ഉത്തരവ്. ഹരജിയിൽ തുടർവാദം ഇൗ മാസം 12 ലേക്ക് മാറ്റിയ കോടതി ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
പാൽഗറിൽ നാടോടി സന്യാസിമാർ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെയും ലോക്ഡൗണിനിടെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടിയ സംഭവം വർഗീയവൽക്കരിച്ചും ചാനൽ ചർച്ചകളിൽ നടത്തിയ പരാമർശങ്ങളാണ് കേസുകൾക്ക് ആധാരം.
അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസിൽ പൈഥുണി പൊലീസാണ് ബുധനാഴ്ച ഹാജരാകാൻ അർണബിന് സമൻസ് നൽകിയത്. ആരോപണങ്ങൾ ഗുരുതരമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി രണ്ട് കേസിലുമായി എൻ.എം. മാർഗ് പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.