അർണബിന്‍റെ ചാറ്റിലെ 'എ.എസ്' അമിത്ഷായാണോ? സംശയമെറിഞ്ഞ് നെറ്റിസൺസ്
text_fieldsടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിലെ എ.എസിനെ തിരഞ്ഞ് നെറ്റിസൺസ്. 500 പേജുവരുന്ന ചാറ്റുകളിൽ നിരവധിസ്ഥലത്ത് എ.എസ് കടന്നുവരുന്നുണ്ട്. എ.എസ് എന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണോ എന്ന ചോദ്യമാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്. 2019 ഏപ്രിൽ നാലിന് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിൽ എ.എസിനെ പരാമർശിക്കുന്നുണ്ട്. ഇവിടെ പാർത്തോദാസ് പറയുന്നത്
'അർണബിനെ സഹായിച്ചാൽ എ.എസിനോട് പറഞ്ഞ് ബാർകിനെതിരായി നിശബ്ദത പാലിക്കാൻ ട്രായിയെ പ്രേരിപ്പിക്കണ'മെന്നാണ്. ഇക്കാര്യം ചെയ്തുകൊടുക്കാമെന്ന് അർണബ് ഏൽക്കുന്നുമുണ്ട്. ബാർക്കിന്‍റെ അന്യായമായ രീതികളോട് ട്രായ്ക്ക് അതൃപ്തിയുണ്ടായിരുന്നെന്നും അതിൽനിന്ന് രക്ഷപ്പെടാൻ എ.എസ് സഹായിക്കുമെന്ന് പാർത്തോദാസ് വിശ്വസിച്ചിരുന്നുമെന്നാണ് ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. തുടർന്ന് നടക്കുന്ന ചാറ്റിൽ ട്രായ്യുടെ നടപടികൾ എ.സിന്‍റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകുന്നതിന് തെളിവായി മൂന്ന് പോയിന്‍റുകൾ പറഞ്ഞുതരാൻ അർണബ് പാർത്തോദാസിനോട് ആവശ്യപ്പെടുന്നു.
ചാറ്റുകളിൽ കടന്നുവരുന്ന എ.സിനെചൊല്ലിയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചകൾ നടക്കുന്നത്. അതിൽ ഒരുവിഭാഗം പറയുന്നത് എ.എസ് എന്നത് ആഭ്യന്തരമന്ത്രി അമിതഷായുടെ ചുരുക്കപ്പേരാണെന്നതാണ്. ചാറ്റുകളിൽ എ.എസ് കടന്നുവരുന്നഭാഗത്തിന്‍റെ സ്ക്രീൻഷോട്ട് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചു. 'ബാർക്ക് സിഇഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സർക്കാർ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതിൽ കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്‍റെ മാധ്യമത്തെ അർണബ് മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്‍റെ ഏത് നിയമവ്യവസ്ഥപ്രകാരവും ഇയാൾ ഏറെക്കാലം ജയിലിൽ കിടക്കേണ്ടിവരും'-പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.
വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ നിരവധി അന്തർനാടകങ്ങൾക്കാണ് ചുരുളഴിയുന്നത്. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്തമാണ്. തന്‍റെ ചാനലിന്‍റെ റേറ്റിങ് വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അർണബ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട് പറയുന്നത്. അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം തനിക്ക് വാങ്ങിനൽകണമെന്ന് പാർത്തോ ദാസ് ആവശ്യപ്പെടുന്നു. രാജ്യത്തെ മറ്റ് ടെലിവിഷൻ അവതാരകരെകുറിച്ചും മോശം അഭിപ്രായമാണ് അർണബ് പങ്കുവയ്ക്കുന്നത്.
പ്രത്യേകിച്ചും ബി.ജെ.പി അനുഭാവികളായ അവതാരകരായ രജത് ശർമ, നവികകുമാർ തുടങ്ങിയവരെ സംബന്ധിച്ച് മോശം പദപ്രയോഗങ്ങളും അർണബ് നടത്തുന്നുണ്ട്. രജത് ശർമ മണ്ടനും ചതിയനുമാണെന്നാണ് അർണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നും വിശേഷിപ്പിക്കുന്നു. കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കറിനെ കാണാൻ താൻ പോകുന്നുണ്ടെന്ന് അർണബ് പാർത്തോദാസിനോട് പറയുേമ്പാൾ ജാവദേക്കർ ഒരു ഉപയോഗശൂന്യനാണെന്നാണ് പാർത്തോദാസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.