വാട്സ്ആപ് ചുഴിയിൽ അർണബ്
text_fieldsന്യൂഡൽഹി: ബാലാകോട്ട് ആക്രമണവും കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള മോദി സർക്കാറിെൻറ രാജ്യരക്ഷ വിഷയങ്ങൾ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സ്ആപിൽ നേരത്തേ വന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ആവശ്യമുയർന്നു.
അർണബും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സി.ഇ.ഒ പാർഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകൾ ഗുരുതരമായ രാജ്യരക്ഷ വിഷയമായതിനാൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണത്തിന് സംയുക്ത പാർലമെൻററി സമിതിയെ നിയോഗിക്കണമെന്ന് കോൺഗ്രസും ആവശ്യമുന്നയിച്ചു.
റിപ്പബ്ലിക് ടി.വിക്ക് ടി.ആർ.പി റേറ്റിങ് വ്യാജമായി കൂട്ടിക്കാണിക്കാൻ ബാർക് സി.ഇ.ഒയുമായി നടത്തിയ ഒത്തുകളിയുടെ തെളിവായി മുംബൈ പൊലീസ് ആണ് ചോർത്തിയ വാട്സ്ആപ് ചാറ്റുകൾ മുംബൈ കോടതിയിൽ സമർപ്പിച്ചത്. 500 പേജുകളുള്ള വാട്സ്ആപ് ചാറ്റുകൾ അർണബ് ഗോസ്വാമി ഇനിയും നിഷേധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ മൗനത്തിലുമാണ്.
സംയുക്ത പാർലമെൻററി സമിതി അേന്വഷണം വേണമെന്ന് കോൺഗ്രസ് നേതാക്കളായ പി. ചിദംബരവും മനീഷ് തിവാരിയും ആവശ്യപ്പെട്ടു. ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശരിയാണെങ്കിൽ 2019ലെ പൊതുതെരഞ്ഞെടുപ്പും ബാലാകോട്ട് ആക്രമണവും തമ്മിൽ നേരിട്ടുള്ള ബന്ധത്തിലേക്കാണ് വിരൽചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ദേശസുരക്ഷയെ ഉപയോഗിച്ചോ എന്ന് ചോദിച്ച ഇരുവരും ഇതേകുറിച്ച് സംയുക്ത പാർലമെൻററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഒരാളുടെ സ്വകാര്യ വാട്സ്ആപ് ചാറ്റ് അന്വേഷിക്കേണ്ടതില്ലെങ്കിലും ഗോസ്വാമിയുടെ ചാറ്റുകൾ കോടതിമുറിയിലെത്തിയ പൊതുരേഖകളായി കഴിെഞ്ഞന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ബാലാകോട്ട് ആക്രമണവും പൊതുതെരഞ്ഞെടുപ്പും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ബാലാകോട്ടിൽ ആക്രമണം നടത്തുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു മാധ്യമപ്രവർത്തകനും അയാളുടെ സുഹൃത്തും ഇന്ത്യ നടത്താനിരിക്കുന്ന തിരിച്ചടി അറിഞ്ഞോ എന്ന് ചിദംബരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് ചോദിച്ചു. അറിഞ്ഞെങ്കിൽ അവർക്ക് ഇൗ വിവരം നൽകിയ 'ഉറവിടം' പാകിസ്താന് വേണ്ടി പ്രവർത്തിക്കുന്ന ചാരന്മാർ ഉൾപ്പെടെയുള്ള മറ്റുള്ളവരോടും ഇൗ വിവരം പറയില്ലെന്നതിന് എന്ത് ഉറപ്പാണുള്ളത്. അതിരഹസ്യമായ തീരുമാനമെങ്ങനെയാണ് സർക്കാറിനെ പിന്തുണക്കുന്ന മാധ്യമപ്രവർത്തകനിലെത്തിയതെന്നും ചിദംബരം ചോദിച്ചു.
നമ്മുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കുന്ന അതിരഹസ്യങ്ങൾ സർക്കാറിലെ വളരെ മുതിർന്ന ആരോ ആണ് ചോർത്തിക്കൊടുക്കുന്നതെന്ന് അഭിഷേക് മനുസിങ്വി ആരോപിച്ചു. കൂട്ടനശീകരണ ആയുധങ്ങളെയാണ് 'ബാർക്' സഹായിച്ചുകൊണ്ടിരുന്നതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. കോൺഗ്രസ് ലോക്സഭ എം.പിമാരുടെ യോഗത്തിൽ കാർത്തി ചിദംബരം വിഷയം ഉന്നയിച്ചു. ബാലാകോട്ട് ആക്രമണവും ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതും ഒരു ടി.വി അവതാരകനെ സർക്കാർ മുൻകൂട്ടി അറിയിച്ചുവെന്നാണ് വാട്സ്ആപ് ചാറ്റുകൾ തെളിയിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലും അർണബിനെതിരെ അന്വേഷണ ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.