സാംസങ് ഇലക്‌ട്രോണിക്സ് കമ്പനിയിലെ തൊഴിൽ സമരം; പ്രതിഷേധിച്ച 250ഓളം തൊഴിലാളികൾ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സാംസങ് ഇലക്ട്രോണിക്സ് യൂനിറ്റിൽ സമരം ചെയ്ത 250 തൊഴിലാളികളെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ സ്വകാര്യ ഭൂമി കയ്യേറി, അനുമതിയില്ലാതെ സമരം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
തൊഴിലാളി സംഘടനയെ അംഗീകരിക്കുക, ശമ്പള പരിഷ്‌കരണം, എട്ട് മണിക്കൂർ ജോലി സമയം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസമായി സാംസങ് തൊഴിലാളികൾ സമരത്തിലായിരുന്നു. 5000 രൂപയുടെ ശമ്പള വർധനവ് ഉൾപ്പെടെയുള്ള പല ആവശ്യങ്ങളും കഴിഞ്ഞയാഴ്ച സാംസങ് അംഗീകരിച്ചെങ്കിലും യൂനിയനെ അംഗീകരിക്കാൻ വിസമ്മതിച്ചു. തൊഴിലാളികൾക്ക് ഓഫിസിലെത്താൻ ബസുകൾ പ്രഖ്യാപിക്കുകയും തൊഴിലാളി മരിച്ചാൽ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മറ്റ് ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ധാരണയിലെത്തുകയും ചെയ്തു.
പ്രതിഷേധം പിൻവലിക്കാൻ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു സി.ഐ.ടി.യുവിനോട് അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി, പ്രതിഷേധവുമായി ബന്ധമില്ലാത്ത റോഡപകടത്തെത്തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ഏഴ് സാംസങ് തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ, അറസ്റ്റിലായ തൊഴിലാളികൾ ജാമ്യം കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലെന്ന് സമരത്തിലുള്ള തൊഴിലാളികൾ ആരോപിക്കുന്നു.
പണിമുടക്കിയ തൊഴിലാളികളെ പൊലീസ് വിട്ടയക്കുമോ അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുമോ എന്ന് വ്യക്തമല്ല. രജിസ്റ്റർ ചെയ്യാത്ത തൊഴിലാളി യൂനിയനെ അംഗീകരിക്കാൻ കമ്പനി ബാധ്യസ്ഥരല്ലെന്നും തൊഴിലാളികളുടെ ഒരു കമ്മിറ്റിയുമായി മാത്രമേ ചർച്ച നടത്തൂ എന്നും സാംസങ്ങിന്‍റെ നിയമോപദേശകൻ നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.