ബി.ജെ.പി അവലോകന യോഗത്തിനിടെ കയ്യാങ്കളി; പരിഹാസവുമായി അഖിലേഷ് യാദവ്
text_fieldsലഖ്നോ: സ്വന്തം സുരക്ഷയൊരുക്കിയ ശേഷം മാത്രം ബി.ജെ.പി നേതാക്കൾ അവലോകനയോഗത്തിൽ പങ്കെടുക്കണമെന്ന പരിഹാസവുമായി സമാജ് വാദി പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം അവലോകന യോഗത്തിനിടെ മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലേഷ് യാദവിന്റെ പരാമർശം.
വികസനമൊന്നും നടക്കാതാകുമ്പോൾ അവലോകന യോഗത്തിൽ കയ്യാങ്കളിയല്ലാതെ മറ്റെന്ത് സംഭവിക്കാനാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് യാദവിന്റെ പരിഹാസം. സ്വന്തം സുരക്ഷയൊരുക്കിയ ശേഷം മാത്രം ബി.ജെ.പി നേതാക്കൾ അവലോകന യോഗങ്ങളിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുകയെന്നും ബി.ജെ.പി ഭരണത്തിൽ നിന്നുള്ള പാഠം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാംലി മുനിസിപ്പൽ കൗൺസിലിന്റെ ബോർഡ് മീറ്റിങ്ങിനിടെയായിരുന്നു അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ലായത്. മുനിസിപ്പൽ ചെയർമാൻ അരവിന്ദ് സംഗലും എം.എൽ.എ പ്രസൻ ചൗധരിയും രാജ്യത്ത് നാല് കോടിയോളം വരുന്ന വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്ത്വരികയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് ഇരു വിഭാഗത്തെയും മാറ്റിയത്.
ഒരു ശരാശരി ബി.ജെ.പി യോഗം എന്നായിരുന്നു കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് കോൺഗ്രസിന്റെ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.