ഖുർആനിലെ 26 സൂക്തങ്ങൾ പിൻവലിക്കണമെന്ന് സുപ്രീം കോടതിയിൽ ഹരജി; പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ
text_fields
മുംബൈ: വിശുദ്ധ ഖുർആനിലെ 26 സൂക്തങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.പി ശിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വി സുപ്രീം കോടതിയിൽ കേസ് നൽകിയതിനെതിരെ വ്യാപക വിമർശനം. കേസ് അടിയന്തരമായി തള്ളണമെന്നും കേസ് നൽകിയ റിസ്വിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ രംഗത്തെത്തി.
കേസ് അടിയന്തരമായി സുപ്രീം കോടതി തള്ളണമെന്നും ഖുർആൻ ഒരിക്കലും അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കുന്നില്ലെന്നും അഖിലേന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന മഹ്മൂദ് ദയാബാദി പറഞ്ഞു. 14 നൂറ്റാണ്ടുകൾക്കിടെ ഖുർആനിലെ ഒറ്റ വാക്കിനുപോലും തിരുത്ത് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിയ- സുന്നി വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് അവസരം മുതലെടുക്കാനാണ് റിസ്വിയുടെ ശ്രമമെന്ന് സന്നദ്ധ പ്രവർത്തകൻ അബ്ബാസ് കാസ്മി പറഞ്ഞു. സുന്നി- ശിയ വിഭാഗങ്ങൾക്കിടയിൽ ശത്രുത പടർത്താൻ നീക്കം നടത്തിയ റിസ്വിയെ അറസ്റ്റ് ചെയ്യണെമന്ന മജ്ലിസ് ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഖൽബേ ജവാദ് ആവശ്യപ്പെട്ടു. സർക്കാർ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമായേ ഇതിനെ കാണാനാവൂ എന്നും റിസ്വി ശിയയും സുന്നിയുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവികാരം വൃണപ്പെടുത്താനുള്ള റിസ്വിയുടെ നീക്കത്തിനെതിരെ മുംബൈ ആസ്ഥാനമായുള്ള റസ അക്കാദമി സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വെള്ളിയാഴ്ച നൽകിയ ഹരജിയിൽ പറയുന്നു.
ഖുർആനിൽ 26 സൂക്തങ്ങൾ ആദ്യ മൂന്നു ഖലീഫമാർ ചേർത്തതാണെന്നും അധികാരമുറപ്പിക്കൽ മാത്രമായിരുന്നു ലക്ഷ്യമെന്നും റിസ്വി ഹരജിയിൽ പറഞ്ഞിരുന്നു. ഇവ ജിഹാദിനും ഹിംസക്കും പ്രോൽസാഹനം നൽകുന്നവയാണെന്നായിരുന്നു കാരണം നിരത്തിയത്. റിസ്വിയുടെ ഹരജി സുപ്രീം ഇതുവരെ ഫയലിൽ സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.