ചെന്നൈ ഇരട്ട കൊലപാതകം: പ്രതികൾ അറസ്റ്റിൽ, 9 കിലോ സ്വർണവും 70 കിലോ വെള്ളിയും പിടിച്ചെടുത്തു
text_fieldsചെന്നൈ: നഗരത്തെ നടുക്കിയ ഇരട്ടകൊലപാതക- കൊള്ള കേസിൽ പ്രതികൾ പിടിയിൽ. വ്യവസായിയും ബിസിനസുകാരനുമായ ചെന്നൈ മൈലാപ്പൂർ വൃന്ദാവൻ നഗർ ദ്വാരക കോളനി ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് കൊലപ്പെട്ടത്. ഇവരുടെ കുടുംബ ൈഡ്രവർ കൃഷ്ണ (45), സുഹൃത്ത് രവി (50) എന്നിവരാണ് പ്രതികൾ.
മകൾ സുനന്ദയുടെ പ്രസവത്തോടുബന്ധിച്ച് മാർച്ചിലാണ് ദമ്പതികൾ അമേരിക്കയിലേക്ക് പോയത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ചെന്നൈയിൽ തിരിച്ചെത്തി. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്ന് കാറിൽ മൈലാപ്പൂരിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. പിന്നീട് സുഹൃത്ത് രവിയുമായി ചേർന്ന് ഇരുവരെയും അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹങ്ങൾ ചാക്കിലാക്കി കാറിൽ കയറ്റി ശ്രീകാന്തിന്‍റെ നെമിലിച്ചേരിയിലെ ഫാം ഹൗസിൽ കൊണ്ടുപോയി കുഴിച്ചുമൂടി. തുടർന്ന് കൊള്ളയടിക്കപ്പെട്ട ഒൻപത് കിലോ സ്വർണവും 70 കിലോ വെള്ളിയുമായി പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച വൈകീട്ട് ആറരയോടെ ആന്ധ്രയിൽവെച്ചാണ് പ്രതികൾ പിടിയിലായത്. മൊബൈൽഫോൺ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ ആന്ധ്ര പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് സൗത്ത് ചെന്നൈ സിറ്റി അഡിഷനൽ പൊലീസ് കമീഷണർ കണ്ണൻ അറിയിച്ചു. തൊണ്ടിസാധനങ്ങളും കണ്ടെടുത്തു. ഞായറാഴ്ച ഫാംഹൗസിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടത്തി.
പ്രതികൾ നേപ്പാളിലേക്ക് കടക്കാനായിരുന്നു പരിപാടിയെന്ന് ചോദ്യംചെയ്യലിൽ അറിവായി. കൃഷ്ണയുടെ പിതാവ് ശ്രീകാന്തിന്‍റെ ഫാംഹൗസിലെ കാവൽക്കാരനായി ജോലി ചെയ്തിരുന്നു. ഇൗ നിലയിലാണ് വിശ്വസ്തനെന്ന നിലയിൽ മകൻ കൃഷ്ണയെ കുടുംബ ഡ്രൈവറായി നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.