സിംഘു സംഘർഷം: കർഷകരടക്കം 44 പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കർഷക സമരത്തിനിടെ സിംഘുവിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 പേർ അറസ്റ്റിലായി. അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അടക്കം അറസ്റ്റിലായി. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അലിപൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ഇന്നും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇൻറലിജൻസ് മുന്നറിയിപ്പെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേതുടർന്ന് സിംഘു, തിക്രി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. സമരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർഷക സംഘടനകൾ പറയുന്നു.
ശനിയാഴ്ച ഉച്ചക്കായിരുന്നു സിംഘുവിലെ സംഘർഷം. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ ആയിരക്കണക്കിന് കർഷകരാണ് ഇവിടേക്ക് പിന്തുണയുമായി എത്തിയത്. വിവിധ ഭാഗങ്ങളിൽനിന്ന് ഗാസിപൂരിലേക്ക് കൂടുതൽ കർഷകരെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.