ഹരിദ്വാർ വിദ്വേഷ പ്രസംഗം; മുസ്‍ലിം നേതാക്കൾക്കെതിരെയും കേസ് എടുക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ
text_fieldsമുസ്ലിംകളെ കൂട്ടക്കൊല നടത്താൻ പുതിയ ആയുധങ്ങൾ കണ്ടെത്തണമെന്ന ഹരിദ്വാറിലെയും ഡൽഹിയിലെയും വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ സുപ്രീംകോടതിയിലെ ഹരജിയെ എതിര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടനകള്‍. കേസിൽ തങ്ങളെ കക്ഷിയാക്കണമെന്ന് ഹിന്ദുസേന, ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ മുസ്‍ലിം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്ത ഹരജിയില്‍ ആവശ്യപ്പെട്ടു.
ധര്‍മ സന്‍സദ് മതസമ്മേളനത്തിലുണ്ടായത് വിദ്വേഷ പ്രസംഗം അല്ലെന്നാണ് ഹിന്ദുസേനയുടെ വാദം. അഹിന്ദുക്കള്‍ ഹിന്ദു സംസ്‌കാരത്തിന് നേരെ നടത്തുന്ന ആക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു ധര്‍മ സൻസദിലെ പരാമര്‍ശങ്ങളെന്നാണ് ഹിന്ദുസേനയുടെ ന്യായീകരണം.
"ഹിന്ദുക്കളുടെ ആത്മീയ നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഹരജിക്കാരൻ മുസ്‍ലിം സമുദായത്തിൽ പെട്ടയാളാണ്, ഹിന്ദു ധർമ സൻസദുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എതിർപ്പ് ഉന്നയിക്കാൻ പാടില്ല"- എന്നും ഹരജിയില്‍ പറയുന്നു. മാധ്യമപ്രവർത്തകൻ കുർബാൻ അലിയെ കുറിച്ചാണ് ഈ പരാമര്‍ശം. എന്നാല്‍ അലിയെ കൂടാതെ പട്ന ഹൈക്കോടതിയിലെ മുന്‍ ജഡ്ജ് അഞ്ജന പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ ധര്‍മ സന്‍സദ് വിദ്വേഷ പ്രസംഗത്തിനെതിരെ ഹരജി നല്‍കിയിട്ടുണ്ട്.
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, വാരിസ് പത്താന്‍ തുടങ്ങിയവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദുസേന അധ്യക്ഷൻ ആവശ്യപ്പെട്ടു. മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി സമ്മതിച്ചതിനാൽ ഹിന്ദുക്കൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും പരിശോധിക്കണമെന്നാണ് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ വാദം.
മുസ്‍ലികളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ സായുധ സേനയുടെ അഞ്ച് മുൻ മേധാവികള്‍ ഉൾപ്പെടെ നിരവധി പേര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിട്ടുണ്ട്. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് നമ്മുടെ രാജ്യത്തിന്‍റെ അഖണ്ഡതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
വിദ്വേഷ പ്രസംഗത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തിനും ഉത്തരാഖണ്ഡ് സർക്കാരിനും ഡൽഹി പൊലീസിനും ജനുവരി 12ന് നോട്ടീസ് അയച്ചിരുന്നു. പിന്നാലെ ഉത്തരാഖണ്ഡ് പൊലീസ് വിദ്വേഷ പ്രസംഗം നടത്തിയവരായ യതി നരസിംഹാനന്ദിനെയും ശിയാ വഖഫ് ബോർഡ് മേധാവിയായിരുന്ന വസിം റിസ്‌വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.