പറ്റുമോ നിങ്ങൾക്കവരെ പിടിക്കാൻ? ശതകോടികൾ തട്ടി രാജ്യം വിട്ടോടിയവരേറെ- ചോക്സിയെ മാത്രമല്ല രാജ്യം കാത്തിരിക്കുന്നത്...
text_fieldsലണ്ടൻ: 13,000 കോടി രൂപ തട്ടി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഡൊമിനികയിൽ അറസ്റ്റിലായതിനു പിന്നാലെ ഉയരുന്ന ബില്യൺ ഡോളർ ചോദ്യം ഇതാണ്- നാട്ടുകാരുടെ പണം വായ്പയായി പറ്റി നാടുവിട്ട എണ്ണമറ്റ ശതകോടീശ്വരന്മാരെ എങ്ങനെ തിരികെയെത്തിക്കും? പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് പലതവണയായി വായ്പയെടുത്ത് തുക വിദേശത്ത് നിക്ഷേപിച്ച് മുങ്ങിയ ചോക്സി കരീബിയൻ രാജ്യമായ ആൻറിഗ്വയിൽ പൗരത്വമെടുത്ത ശേഷമാണ് നാടുവിട്ടിരുന്നത്. അവിടെ അറസ്റ്റിലായെങ്കിലും തിരികെയെത്തിക്കാനാവില്ലെന്നത് ഏകദേശം ഉറപ്പ്.
2020 ഫെബ്രുവരിയിൽ രാജ്യസഭക്കു മുമ്പാകെ കേന്ദ്രസർക്കാർ വെച്ച കണക്കുകൾ പ്രകാരം 72 പേരുണ്ട് വിദേശ രാജ്യങ്ങളിൽ സുഖമായി കഴിയുന്ന പണംതട്ടിപ്പുകാർ. 2019ലെ വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിൽ 2015നു ശേഷം ആകെ രണ്ടു പേരെ മാത്രമാണ് തിരികെയെത്തിക്കാനായത്.
ലളിത് മോദി
ഇന്ത്യൻ പ്രിമിയർ ലീഗിന് തുടക്കമിട്ടയാളായി വാഴ്ത്തപ്പെടുന്ന ലളിത് മോദി ബി.സി.സി.ഐയുടെ 753 കോടി തട്ടി നാടുവിട്ടയാളാണ്. 2010 മേയിലാണ് മോദി നാടുവിട്ടത്. പിന്നീട് നീണ്ട ഏഴു വർഷം അന്വേഷണം ഒച്ചിഴയും വേഗത്തിൽ മുന്നോട്ടുപോയി. പിന്നീട് ഇൻറർപോളിന് കത്തയച്ചെങ്കിലും തള്ളി. അവസാനമായി ലണ്ടനിൽ കണ്ട ലളിത് മോദി ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല.
നീരവ് മോദി
പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യ ആരോപിതനായ നീരവ് േമാദി ബ്രിട്ടീഷ് ജയിലിലാണ്. 2018 ൽ നൽകിയ അപേക്ഷ പ്രകാരം ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വിജയിക്കുമെന്ന് തോന്നിച്ചയുടൻ വീണ്ടും നൽകിയ അപ്പീൽ യു.കെ കോടതിയുടെ പരിഗണനയിലാണ്. ഉറ്റ ബന്ധുവും ഇതേ കേസിലെ മറ്റൊരു പ്രതിയുമായ മെഹുൽ ചോക്സിയെ നാടുകടത്താൻ ഒരുക്കമാണെന്ന് ഇതിനകം അവിടുത്തെ സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആൻറിഗ്വൻ പൗരത്വമുള്ളതിനാൽ അവിടുത്തെ സർക്കാർ കൂടി കനിയണം.
വിജയ് മല്യ
വൻ തട്ടിപ്പ് നടത്തി 2016ൽ മുങ്ങിയ വിജയ് മല്യ അന്ന് രാജ്യസഭ അംഗമായിരുന്നു. യു.കെയിൽ അദ്ദേഹത്തിനെതിരെ ഇന്ത്യ നൽകിയ നാടുകടത്തൽ കേസുകളിലൊക്കെയും വിജയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് സർക്കാർ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.
നിതിൻ സന്ദേശര
15,600 കോടി വായ്പയെടുത്ത് മുങ്ങിയ സ്റ്റെർലിങ് ബയോടെക് ഗ്രൂപ് കേസിൽ വ്യവസായി നിതിൻ സന്ദേശര, ഭാര്യ ദീപ്തി സന്ദേശര, ബന്ധു ഹിതേഷ് പട്ടേൽ എന്നിവർ നൈജീരിയയിലുണ്ടെന്നാണ് കണക്കുകൂട്ടൽ. നൈജീരിയ, അൽബേനിയ രാജ്യങ്ങളിൽ ഇവർ നൽകിയ അപ്പീൽ പരിഗണിച്ച് നാടുകടത്തൽ ഇനിയും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷമാണ് എല്ലാവരെയും മുങ്ങിയവരായി പ്രഖ്യാപിച്ചത്.
ജതിൻ മേത്ത
ബാങ്കുകളുടെ കൺസോർട്യത്തിന് 6,500 കോടി നൽകാനുള്ള കേസിൽ വിൻസം ഡയമണ്ട്സ് ഉടമ ജതിൻ മേത്തയാണ് മറ്റൊരു പിടികിട്ടാപ്പുള്ളി. വിജയ് മല്യക്കും നീരവ് മോദിക്കും ശേഷം വലിയ തട്ടിപ്പ് നടത്തിയ ആളായാണ് ജതിൻ മേത്ത പരിഗണിക്കപ്പെടുന്നത്. യു.കെയിലും കരീബിയൻ രാജ്യമായ സെൻറ് കിറ്റ്സിലുമായാണ് ഇയാൾ കഴിയുന്നതെന്നാണ് വിവരം. അതുകഴിഞ്ഞ്, യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയിലെത്തിയതായും അവിടെ പുതിയ കമ്പനികൾ തുടങ്ങിയതായും സൂചനയുണ്ട്.
സഞ്ജയ് ഭണ്ഡാരി
റോബർട്ട് വദ്രയുമായി ബന്ധമുള്ള വ്യവസായി ആയി പറയപ്പെടുന്ന സഞ്ജയ് ഭണ്ഡാരി 2016ലാണ് യു.കെയിലേക്ക് നാടുവിട്ടത്.
പട്ടികയിൽ വേരുവരാത്ത ഇനിയുമേറെ പേർ സുഖമായി വിദേശ രാജ്യങ്ങളിൽ വാഴുേമ്പാഴും അവരെ തിരികെയെത്തിക്കാൻ ഇനിയും സംവിധാനങ്ങൾ വളർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.