ഭീമ-കൊറെഗാവ്, ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്, മരണം: കേസിന്‍റെ നാൾവഴികൾ
text_fieldsയു.എ.പി.എ ചുമത്തപ്പെട്ട് ഒരുവർഷത്തോളമായി വിചാരണകൂടാതെ തടവിൽ കഴിയുന്ന ഫാ. സ്റ്റാൻ സ്വാമി ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു. ഝാർഖണ്ഡിലെ ആദിവാസി മേഖലകളിൽ സാമൂഹികപ്രവർത്തകനായ അദ്ദേഹത്തെ ഭീമ-കൊറെഗാവ് കേസിലാണ് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിചാരണകാത്ത് സ്വാമിയുൾപ്പെടെ നിരവധി ബുദ്ധിജീവികളാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.
ജസ്യൂട്ട് ക്രിസ്ത്യൻ സഭയിൽ പുരോഹിതനായ സ്വാമിക്ക് 84 വയസ്സായിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് തമിഴ്നാട്ടുകാരനായ അദ്ദേഹത്തെ ജയിലിലടച്ചത്. പാർക്കിൻസൺസ് രോഗമടക്കം വിവിധ അസുഖങ്ങളാൽ വലയുന്ന 84 കാരനായ ഫാദർ കഴിഞ്ഞ ഒരുമാസമായി ചികിത്സാർഥം ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇന്ന് ജയിലിലേക്ക് മടങ്ങേണ്ടതായിരുന്നു അദ്ദേഹം. എന്നാൽ, കഴിഞ്ഞ ദിവസം പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിവെച്ചിരുന്നു. നാളെ ഇതിൽ വാദം കേൾക്കാനിരിക്കേയാണ് വേദനാജനകമായ അന്ത്യം.
കേസിന്‍റെ നാൾവഴികൾ:
ഡിസംബർ 31, 2017: പുണെക്കടുത്ത ഭീമ-കൊറെഗാവിൽ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ കൊറെഗാവ് യുദ്ധ വിജയത്തിന്‍റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്നതിനിടെ സവർണ വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിട്ടു.
ജനുവരി 8, 2018 - പൂണെ പൊലീസ് ദലിത് സംഘടന നേതാക്കളെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
ആഗസ്റ്റ് 22, 2018 - എഫ്.ഐ.ആറിൽ പൂണെ പൊലീസ് ഫാ. സ്റ്റാൻ സ്വാമിയെ പ്രതിയാക്കി
ആഗസ്റ്റ് 28, 2018 - റാഞ്ചിയിലെ ഫാ. സ്വാമിയുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി
ഒക്ടോബർ 23, 2018 - എഫ്.ഐ.ആർ റദ്ദാക്കാൻ അദ്ദേഹം ബോംബെ ഹൈക്കോടതിയെ മാറ്റി
ഒക്ടോബർ 26, 2018 - ഹൈക്കോടതി ഫാ. സ്വാമിയുടെ അറസ്റ്റ് തടഞ്ഞു
ഡിസംബർ 14, 2018 - തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സ്വാമിയുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു
ഡിസംബർ 6, 2019 - റാഞ്ചിയിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി
ജനുവരി 25, 2020 - ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ഏറ്റെടുത്തു
ഏപ്രിൽ 26, 2020 - ഫാ. സ്റ്റാൻ സ്വാമിയുടെ 84ാം ജന്മദിനം
ഒക്ടോബർ 8, 2020 - ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തലോജ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി
ഒക്ടോബർ 9, 2020 - എൻഐഎ രണ്ടാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 23, 2020 - ഇടക്കാല മെഡിക്കൽ ജാമ്യം പ്രത്യേക എൻഐഎ കോടതി നിരസിച്ചു
നവംബർ 6, 2020 - കൈകൾക്ക് വിറയൽ രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ കഴിയുന്നില്ലെന്നും സ്ട്രോയും സിപ്പറും അനുവദിക്കണമെന്നും അപേക്ഷിച്ച് കോടതിയെ സമീപിച്ചു
നവംബർ 26, 2020 - സ്ട്രോയും സിപ്പറും ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു
ഡിസംബർ 4, 2020 - സ്ട്രോയും സിപ്പറും സിപ്പറും ലഭിച്ചു
ഫെബ്രുവരി 23, 2021 -ചികിത്സക്ക് ജാമ്യത്തിനായി പ്രത്യേക എൻഐഎ കോടതിയിൽ അപേക്ഷ നൽകി
മാർച്ച് 22, 2021 - പ്രത്യേക എൻഐഎ കോടതി ജാമ്യം നിരസിച്ചു
മാർച്ച് 23, 2021 - "രാജ്യത്തൊട്ടാകെ അശാന്തി സൃഷ്ടിക്കുന്നതിനും മസിൽപവറും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനും ഫാ. സ്റ്റാൻ സ്വാമി ഗൂഡാലോചന നടത്തി"യെന്ന് കോടതിയുടെ കണ്ടെത്തൽ
ഏപ്രിൽ 26, 2021 - ചികിത്സക്ക് ജാമ്യം നിരസിച്ചതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി
മെയ് 4, 2021 - മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ഉത്തരവിട്ടു
മെയ് 15, 2021 - പനി ബാധിച്ച് തലോജ സെൻട്രൽ ജയിലിൽ ഫാ. സ്റ്റാൻ സ്വാമി അവശനിലയിലായി
മെയ് 21, 2021 - നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്നും ചികിത്സക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി.
മെയ് 28, 2021 - സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു
മെയ് 30, 2021 - ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ജൂൺ 17, 2021 - ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ ജൂലൈ അഞ്ചുവരെ തുടരാൻ ഹൈക്കോടതി അനുമതി നൽകി
ജൂലൈ 2, 2021: തനിക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി
ജൂലൈ 4, 2021 - ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു
ജൂലൈ 5, 2021 - ഉച്ചക്ക് 1.24ന് ഫാ. സ്റ്റാൻ സ്വാമി നിര്യാതനായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.