നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമെന്ന് സഫൂറ സർഗാറിെൻറ ഭർത്താവ്
text_fieldsന്യൂഡൽഹി: ജാമിഅയിലെ വിദ്യാര്‍ഥി നേതാവും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന സഫൂറ സർഗാറിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന അപവാദപ്രചാരണങ്ങളിൽ മനംനൊന്ത് കുടുംബം. അതിനിടയിലും രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമർപ്പിക്കുകയാണ് സഫൂറയുടെ ഭർത്താവ്.
ജാമിഅയിലെ എം.ഫിൽ വിദ്യാർഥിയും മൂന്നുമാസം ഗർഭിണിയുമായ സഫൂറയെ ഡൽഹി വംശഹത്യയിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിൽ 10ന് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിക്കുകയും ചെയ്തു. ഏപ്രിൽ 21ന് സഫൂറെക്കതിരെ യു.എ.പി.എ ചുമത്തി. ഇപ്പോൾ കനത്ത സുരക്ഷയിൽ തിഹാർ ജയിലിൽ കഴിയുകയാണ്.
തിങ്കളാഴ്ചയാണ് സഫൂറ സർഗാർ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ അവർക്കെതിരെ പ്രചാരണം നടക്കുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഡൽഹി കലാപത്തിന് ആഹ്വാനം നൽകിയയാളെന്ന ആരോപണത്തിെൻറ നിഴലിലുള്ള ബി.ജെ.പി നേതാവ് കപിൽ മിശ്ര സഫൂറയുടെ ഗർഭത്തെ പരിഹസിച്ച് ട്വിറ്ററിൽ പ്രസ്താവന നടത്തി. ‘‘റമദാൻ കാലത്ത് ഗർഭിണിയായ ആക്ടിവിസ്റ്റ് സഫൂറ സർദാർ ജയിലിൽ കഴിയുന്നു. കലാപത്തിന് നേതൃത്വം നൽകിയ കപിൽ മിശ്രയെ പോലുള്ള വർഗീയവാദികൾ സ്വതന്ത്രമായി വിഹരിക്കുന്നു’’- എന്നായിരുന്നു കോൺഗ്രസുകാരനായ സൽമാൻ നിസാമി ട്വിറ്ററിൽ കുറിച്ചത്. അതിനു മറുപടിയായി ദയവായി എെൻറ പ്രസംഗത്തെ അവരുടെ ഗർഭവുമായി താരതമ്യപ്പെടുത്തരുതെന്ന് മിശ്ര ട്വീറ്റ് ചെയ്തു.
പിന്നാലെ സഫൂറയുടെ വിവാഹജീവിതത്തെയും ഗർഭത്തെയും അപഹസിച്ച് നിരവധി പേർ ട്വീറ്റ് ചെയ്തു. സഫൂറയുടെ ചിത്രത്തിനു താഴെ അപഹാസ്യമായി ട്വീറ്റ് ചെയ്തവരുടെ എണ്ണം ഭയപ്പെടുത്തുന്നുവെന്നും ഇത് സ്വഭാവഹത്യയാണെന്നും അവരുടെ സഹോദരി സമീയ സർഗാർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ട്രോളുകൾക്ക് മറുപടി നൽകി അതിനെ മഹത്വവത്കരിക്കാനില്ലെന്നും അവർക്കു ചെയ്യാൻ കഴിയുന്നത് ചെയ്യട്ടെയെന്നും സഫൂറയുടെ ഭർത്താവ് പ്രതികരിച്ചു. അവൾക്ക് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. എന്നാൽ, ലോക്ഡൗൺ നീട്ടിയതു മൂലം എല്ലാം മന്ദഗതിയിലാണ് നടക്കുന്നത്. ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിൽ വിശ്വാസമർപ്പിച്ചു കഴിയുകയാണ് ഞങ്ങൾ -അദ്ദേഹം കൂട്ടിച്ചേർത്തു.
സഫൂറയെ ജയിലിൽ പാർപ്പിച്ചതിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുകയാണ്. ആംനസ്റ്റി ഇൻറർനാഷനൽ അടക്കം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറിലും ജനുവരിയിലും ജാമിഅയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിെൻറ ഭാഗമായിരുന്നു സഫൂറ. ഫെബ്രുവരിയിൽ ജഫറാബാദ് മെട്രോസ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റ് വരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.