മഹാവികാസ് അഖാഡിക്ക് തിരിച്ചടി; അറസ്റ്റിലായ എം.എൽ.എമാർക്ക് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാവികാസ് അഖാഡിക്ക് തിരിച്ചടി. അറസ്റ്റിലായ നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിവർക്ക് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെയാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്ക് ഫെബ്രുവി മുതൽ ജയിലിലാണ്. സമാനമായ ആരോപണങ്ങൾ നേരിടുന്ന അനിൽ ദേശ്മുഖും ജയിലിൽ തുടരുകയാണ്. ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചാണ് ജാമ്യം തേടിയത്. എന്നാൽ, കോടതി ഇത് നിരസിക്കുകയായിരുന്നു.
അതേസമയം, കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് രോഗമുക്തനായത് ബി.ജെ.പിക്ക് ആശ്വാസം നൽകും. മഹാരാഷ്ട്രയിലെ ആറ് രാജ്യസഭ സീറ്റുകളിലേക്ക് ഏഴ് പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്.
രാജ്യസഭയിലേക്ക് ശിവസേന രണ്ട് സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സഞ്ജയ് റാവത്തും സഞ്ജയ് പവാറുമാണ് സ്ഥാനാർഥികൾ. പിയൂഷ് ഗോയൽ, അനിൽ ബോണ്ടേ, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികൾ. പ്രഫുൽ പട്ടേൽ എൻ.സി.പിക്കും ഇംറാൻ പ്രതാപ്ഗ്രാഹി കോൺഗ്രസിനായും കളത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.