അറസ്റ്റിലായ ക്രിസ്ത്യൻ പാസ്റ്റർക്കെതിരെ ഗോവ മുഖ്യമന്ത്രി; 'മതംമാറ്റത്തിന് മാന്ത്രിക വിദ്യ ഉപയോഗിച്ചു, ഗോവയിൽ ഇതനുവദിക്കില്ല'
text_fieldsപനാജി: ആളുകളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പാസ്റ്റർക്കും ഭാര്യക്കുമെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അറസ്റ്റിലായ പാസ്റ്റർ ഡൊമിനിക് ഡിസൂസയും ഭാര്യ ജുവാൻ ലൂറെഡും മതപരിവർത്തനത്തിനായി മാന്ത്രിക വിദ്യ ഉപയോഗിച്ചതായി സാവന്ത് ആരോപിച്ചു. മതം മാറാൻ ആളുകളെ പ്രലോഭിപ്പിക്കുന്നത് ഗോവയിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'മതപരിവർത്തനം നടത്തിയ ഡൊമിനിക്കിനെതിരെ കേസെടുത്ത ആഭ്യന്തരവകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ആളുകളെ നിർബന്ധിച്ച് മതം മാറ്റാൻ പാസ്റ്റർ മന്ത്രവാദം നടത്തുന്നുണ്ട്. അദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും പൊലീസ് വകുപ്പ് ഇതുവരെ നടപടിയെടുത്തിരുന്നില്ല. നോർത്ത് ഗോവയിലെ സിയോലിം ഗ്രാമത്തിൽ ഫൈവ് പില്ലേഴ്സ് ചർച്ച് നടത്തുന്ന പാസ്റ്ററിനെതിരെ രണ്ട് മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവരെ മതപരിവർത്തനത്തിന് വേണ്ടി ഡൊമിനിക് വശീകരിക്കാറുണ്ടായിരുന്നു. ഇത്തരം നീക്കങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും. ഗോവയിൽ മതപരിവർത്തനം അനുവദിക്കില്ല. പരാതികൾ ലഭിച്ചാൽ നടപടിയെടുക്കും. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ' -സാവന്ത് പറഞ്ഞു.
ഡൊമിനിക്കിനും ഭാര്യ ജോണിനുമെതിരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശപരവുമായ പ്രവൃത്തികളിൽ ഏർപ്പെടൽ, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പണവും ദീർഘനാളായുള്ള രോഗങ്ങളിൽ നിന്ന് മോചനവും വാഗ്ദാനം ചെയ്താണ് ആളുകളെ ഇവർ വശീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് പേർ നൽകിയ വ്യത്യസ്ത പരാതികളെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള സാലിഗാവോ ഗ്രാമത്തിലാണ് പാസ്റ്ററും ഭാര്യയും പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.