മതംമാറ്റ നിരോധന നിയമത്തിന്റെ മറവിൽ അറസ്റ്റ്; അന്യായമെന്ന് പരാതി
text_fieldsബറേലി(യു.പി): ഉത്തർപ്രദേശിലെ പുതിയ മതംമാറ്റ നിരോധന നിയമത്തിനെതിരെ പരാതി ഉയരുന്നു. നവംബർ 28ന് നിയമം പ്രാബല്യത്തിലായി 12 മണിക്കൂറിനകം അറസ്റ്റിലായ മുസ്ലിം യുവാവിെൻറ ബന്ധുക്കളാണ് യു.പി പൊലീസിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.
യുവാവിെൻറ അറസ്റ്റിനുവേണ്ടി കാമുകിയായിരുന്ന ഹിന്ദു യുവതിയുടെ ബന്ധുക്കളിൽ സമ്മർദം ചെലുത്തി പൊലീസിൽ പരാതി കൊടുപ്പിച്ചെന്നാണ് ആരോപണം. ബറേലി ഗ്രാമത്തിലെ നിരവധി പേരും ഗ്രാമ പ്രധാൻ ധ്രുവ് രാജും യുവാവിെൻറ അറസ്റ്റ് അന്യായമാണെന്ന് വ്യക്തമാക്കുന്നു. ഇരു കുടുംബങ്ങളും തമ്മിലെ പ്രശ്നം നേരത്തേ ഒത്തു തീർപ്പാക്കിയതാണെന്നും ധ്രുവ് രാജ് പറഞ്ഞു.
ബുധനാഴ്ച അറസ്റ്റിലായ അഹ്മദിനെ അന്വേഷിച്ചുചെന്ന തന്നെ പൊലീസ് മർദിച്ചതായി യുവാവിെൻറ പിതാവ് 70കാരനായ മുഹമ്മദ് റഫീഖ് പറഞ്ഞു. റഫീഖിെൻറ പത്തു മക്കളിൽ ഏറ്റവും ഇളയവനാണ് അഹ്മദ്. ലവ് ജിഹാദ് ആരോപണം വളരെയധികം വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു കുടുംബങ്ങളും നേരത്തേ മുതൽ സൗഹൃദത്തിലായിരുന്നു. അവരുമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല. അവർ തെൻറ മകനെതിരെ പരാതി കൊടുക്കില്ലെന്ന് ഉറപ്പുണ്ട്. കേസ് വന്നതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തന്നെ വന്നുകണ്ട് ആശ്വസിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളേയും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് മർദനത്തിൽ പരിക്കേറ്റ തെൻറ കാല് ചൂണ്ടിക്കാണിച്ച് റഫീഖ് പറയുന്നു. അഹ്മദിെൻറ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് പെൺകുട്ടിയുടെ വീട്. പെൺകുട്ടി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. കേസെടുക്കാൻ പെൺകുട്ടിയുടെ വീട്ടുകാരിൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ബറേലി റേഞ്ച് ഡി.ഐ.ജി രാജേഷ് പാണ്ഡെ തള്ളി. നവംബർ27നാണ് പരാതി ലഭിച്ചത്. പരാതി നേരത്തേ ലഭിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ നടപടിയുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവാവും യുവതിയും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി. എന്നാൽ, തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. അഹ്മദിനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഒത്തുതീർന്ന പ്രശ്നമാണ് പുതിയ നിയമം വന്നതിനുശേഷം കുത്തിപ്പൊക്കിയതെന്നാണ് അഹ്മദിെൻറ കുടുംബാംഗങ്ങൾ പറയുന്നത്.
അഹ്മദിനെതിരെ കേസെടുക്കുന്നതിന് തലേ ദിവസം പെൺകുട്ടിയുടെ പിതാവിനെ പൊലീസ് വിളിച്ചു കൊണ്ടുപോയതായി ബി.ജെ.പി ബറേലി ജില്ല പ്രസിഡൻറ് പവൻ ശർമയുടെ പിതാവും ഗ്രാമത്തിലെ പ്രധാനിയുമായ നവൽ കിഷോർ ശർമ പറയുന്നു. പെൺകുട്ടിയുടെ സഹോദരനാണ് തെൻറയടുത്ത് ഇക്കാര്യം പറഞ്ഞതെന്നും ശർമ കൂട്ടിച്ചേർത്തു. പരാതി അഹ്മദിെൻറ ജീവിതം തകർത്തതായി ഗ്രാമവാസിയായ നാരായൺ ദാസ് പറഞ്ഞു.
മതംമാറ്റ നിരോധന നിയമം; ഏഴുപേർ അറസ്റ്റിൽ
സിതാപുർ (യുപി): വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിക്കുന്ന പുതിയ നിയമപ്രകാരം ഏഴു പേർ അറസ്റ്റിൽ. മുഖ്യപ്രതി ഒളിവിലാണ്. പ്രതിയുടെ സഹോദരൻ ഇസ്രായേൽ അടക്കം അടുത്ത ബന്ധുക്കളാണ് അറസ്റ്റിലായത്. നവംബർ 24നാണ് കേസിന് ആസ്പദമായ സംഭവം. 27നാണ് കേസെടുത്തത്. അര ലക്ഷം രൂപവരെ പിഴയും പത്തുവർഷം തടവും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.