'റിയയെ അറസ്റ്റ് ചെയ്യൂ' -ഇതാണോ വാർത്ത? റിപ്പബ്ലിക് ടി.വിയോട് കോടതി
text_fieldsമുംബൈ: 'റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യൂ' എന്ന് ആവശ്യപ്പെടുന്നതാണോ വാർത്തയെന്ന് റിപ്പബ്ലിക് ടി.വിയോട് ബോംബെ ഹൈക്കോടതി. സുശാന്ത് സിങ് രജ്പുതിെൻറ മൃതശരീര ചിത്രങ്ങൾ സംപ്രേഷണം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിെൻറ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ചാനൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസന്വേഷണത്തിനിടയിൽ ഇന്നയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന് പ്രേക്ഷകരോട് ചോദ്യമുന്നയിക്കുന്നതുമൊക്കെ 'അന്വേഷണാത്മക പത്രപ്രവർത്തനം' ആണോ എന്ന് കോടതി റിപ്പബ്ലിക് ടി.വിയോട് ആരാഞ്ഞു. 'അറസ്റ്റ് റിയ' എന്ന ഹാഷ്ടാഗിൽ റിപ്പബ്ലിക് ചാനൽ നടത്തിയ കാമ്പയിനെയും സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് ചാനൽ സംപ്രേഷണം ചെയ്ത റിപ്പോർട്ടുകളെയും പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് ജി.എസ്. കുൽക്കർണിയും അടങ്ങിയ ബെഞ്ച് ചോദ്യങ്ങളുന്നയിച്ചത്.
'അറസ്റ്റ് റിയ എന്ന കാമ്പയിൻ എങ്ങനെയാണ് വാർത്തയാകുന്നത്? മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ചാനൽ അത് െകാലപാതകമാണെന്ന് ഉറപ്പിച്ചു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം? ആത്മഹത്യ റിപ്പോർട്ട് ചെയ്യുേമ്പാൾ പാലിക്കേണ്ട അടിസ്ഥാന മര്യാദകളുണ്ട്. വൈകാരിക തലക്കെട്ടുകളോ നിരന്തര ആവർത്തനങ്ങളോ പാടില്ല. സാക്ഷിയെ വിടൂ, നിങ്ങൾ മരിച്ചയാളെപ്പോലും വെറുതെ വിട്ടില്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ വകവെക്കാതെയായിരുന്നു നിങ്ങൾ അവരെ ചിത്രീകരിച്ചത്' -റിപ്പബ്ലിക് ടി.വിക്കുവേണ്ടി ഹാജരായ അഭിഭാഷക മാളവിക ത്രിവേദിയോട് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.