വ്യാജ സമ്മാനപ്പൊതിയുമായി എത്തുക, ഒറിജിനലുമായി കടന്നുകളയുക’; വേറിട്ട തന്ത്രവുമായെത്തിയ ‘കല്യാണക്കള്ളൻ’ പിടിയിൽ
text_fieldsബോറിവ്‌ലി (രാജസ്ഥാൻ): രാജസ്ഥാനിലെ കുടിയ ഗ്രാമത്തിൽ താമസിക്കുന്ന മാനവ് സിസോദിയ എന്നയാൾ വേറിട്ട കവർച്ച രീതി കൊണ്ടാണ് കുപ്രസിദ്ധനാകുന്നത്. ഇയാളും സംഘവും കല്യാണം നടക്കുന്ന വേദികളിലെത്തും. വിവാഹ സൽക്കാരങ്ങളിൽ ദമ്പതികൾക്കായി ഉള്ളിൽ ഒന്നുമില്ലാത്ത സമ്മാനപ്പൊതി നൽകുകയും മറ്റ് അതിഥികൾ കൊണ്ടുവരുന്ന പൊതികളുമായി സ്ഥലം വിടുകയും ചെയ്യും.
അതിഥികളെന്ന വ്യാജേന എത്തുന്ന ഇവർ സ്വർണവും പണവും ഉള്ള ബാഗുകളാണ് ലക്ഷ്യമിടുന്നതെന്ന് എം.എച്ച്.ബി പൊലീസ് സറ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കഴിഞ്ഞദിവസം ബോറിവ്‌ലി വെസ്റ്റിലെ നാരായൺ ഗാർഡനിൽ നടന്ന വിവാഹ സൽക്കാരത്തിൽ അതിഥിയായി എത്തിയ സിസോദിയ വധൂവരന്മാരെ അഭിനന്ദിക്കാനെന്ന വ്യാജേന വേദിക്ക് സമീപമെത്തി. പെട്ടെന്ന് ഇയാൾ ബാഗുമായി പുറത്തിറങ്ങാൻ ശ്രമം നടത്തി.
റിസപ്ഷനിൽ നിന്ന ഫോട്ടോഗ്രാഫർ സിസോദിയയെ ശ്രദ്ധിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വിവാഹത്തിനെത്തിയവരും പൊലീസും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും സിസോദിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.