അധികാരത്തിൻറെ അധികാരം; അമരീന്ദറും അമിത് ഷായും തമ്മിലെ കൂടിക്കാഴ്ചക്ക് പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. അമിത് ഷാക്കെതിരെയാണ് കടുത്ത വിമർശനം. ഒരു ദലിതനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ അമിത് ഷാ വളരെ രോഷാകുലനും പഞ്ചാബിനോട് പ്രതികാരം ചെയ്യാൻ അതീവ ശ്രദ്ധ പാലിക്കുന്നയാളാണെന്നും കോൺഗ്രസ് പറഞ്ഞു.
കോൺഗ്രസിൽനിന്നുതന്നെ ഒരു വിഭാഗം എം.എൽ.എമാരുടെയും നേതാക്കളുടെയും പിന്തുണ നഷ്ടമായതോടെയായിരുന്നു അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നാലുമാസത്തിന് ശേഷം പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അമരീന്ദറിന്‍റെ രാജിയും പാർട്ടി കലഹവും. എന്നാൽ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അമരീന്ദർ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങൾ പരന്നു.
'അധികാരത്തിലിരിക്കുന്ന മഠാധിപതിയുടെ അഹങ്കാരത്തെ വേദനിപ്പിച്ചിരിക്കുന്നു. കാരണം ഒരു ദലിതൻ മുഖ്യമന്ത്രിയായി. ഇതോടെ കോൺഗ്രസിൽ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അവർ ചോദിക്കുന്നു. ഒരു ഉയർന്ന പദവി ദലിതന് നൽകിയത് അവർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അമിത് ഷായുടെ വസതിയാണ് ദലിത് വിരുദ്ധ രാഷ്ട്രീയത്തിൻറെ പ്രധാന കേന്ദ്രം' -മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.
'പഞ്ചാബിനോട് അമിത് ഷായും മോദിയും പ്രതികാരം ചെയ്തു. കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ ഉപയോഗിച്ച് അവരുടെ കുത്തക മുതലാളിമാരായ ചങ്ങാതിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാലാണ് ഈ പ്രതികാരം. ബി.െജ.പിയുടെ കർഷക വിരുദ്ധ ഗൂഡാലോചന ഇവിടെ നടപ്പാകില്ല' -മറ്റൊരു ട്വീറ്റിൽ സുർജേവാല കുറിച്ചു.
'നോ ഫാർമേർസ്, നോ ഫുഡ് (കർഷകരില്ലെങ്കിൽ ഭക്ഷണമില്ല)' എന്ന ഹാഷ്ടാഗ് പങ്കുവെച്ചാണ് സുർജേവാലയുടെ ട്വീറ്റ്. നേരത്തേ അമരീന്ദർ സിങ്ങും ഈ ഹാഷ്ടാഗ് ട്വീറ്റിൽ ഉപയോഗിച്ചിരുന്നു.
ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. താനും അമിത് ഷായും കർഷകരുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്തതെന്നായിരുന്നു അമരീന്ദറിന്‍റെ പ്രതികരണം.
'ഡൽഹിയിൽവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. നീണ്ടുനിൽക്കുന്ന കർഷക പ്രക്ഷോഭത്തെക്കുറിച്ചും കാർഷിക നിയമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കാർഷിക നിയമങ്ങൾ എടുത്തുകളഞ്ഞും വിളകൾക്ക് താങ്ങുവില ഉറപ്പാക്കിയും പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു' -നോ ഫാർമേർസ് നോ ഫുഡ്' ഹാഷ്ടാഗ് പങ്കുവെച്ച് അമരീന്ദർ ട്വീറ്റ് ചെയ്തു.
അമിത് ഷായുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അമരീന്ദറിന്‍റെ എതിരാളിയായ നവജ്യോത് സിങ് സിദ്ദു കഴിഞ്ഞദിവസം പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.