കർഷകരുടെ ഇച്ഛാശക്തി മനസിലാക്കാൻ കേന്ദ്ര സർക്കാറിന്‍റെ അഹങ്കാരത്തിന് സാധിക്കുന്നില്ല -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ഇച്ഛാശക്തി മനസിലാക്കാൻ കേന്ദ്ര സർക്കാറിന്‍റെ അഹങ്കാരത്തിന് സാധിക്കുന്നില്ലെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ബലപ്രയോഗത്തിലൂടെയുള്ള ഏതൊരു നടപടിയും തിരിച്ചടിയാണുണ്ടാക്കുകയെന്നും അദ്ദേഹം ട്വീറ്റിൽ മുന്നറിയിപ്പ് നൽകി.
സർക്കാർ ആദ്യം കർഷകരെ തടയാൻ ശ്രമിച്ചു. പിന്നീട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ഇത് രണ്ടും വിജയിച്ചില്ല. ദേശീയപാതയിൽ നിന്നും കർഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സുപ്രീംകോടതിയിൽ പരാതി നൽകിയിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
കർഷക സമരം അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചാണ് സുപ്രീംകോടതിയിൽ പരാതി നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് കർഷകരെ അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നിയമവിദ്യാർഥിയായ റിഷഭ് ശർമ്മയാണ് കോടതിയെ സമീപിച്ചത്.
അതേസമയം, ഇന്ന് ഡൽഹിയിൽ കേന്ദ്ര സർക്കാറും കർഷകരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. വിവാദ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പും സാധ്യമല്ലെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ചർച്ച ഡിസംബർ ഒമ്പതിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.