ഭരണഘടനയുടെ 30ാം അനുച്ഛേദം ന്യൂനപക്ഷങ്ങളെ ചേരിയിലാക്കാനുള്ളതല്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭരണഘടനയുടെ 30ാം അനുച്ഛേദം ന്യൂനപക്ഷങ്ങളെ ചേരിയിലാക്കാനുള്ളതല്ലെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണനിർവഹണത്തിൽ മറ്റു സമുദായക്കാരെ ഉൾപ്പെടുത്തിയതിനാൽ അതിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.
ന്യൂനപക്ഷ സ്ഥാപനത്തിന്റെ ഭരണനിർവഹണം ന്യൂനപക്ഷ വിഭാഗക്കാർ തന്നെ നടത്തണമെന്ന് ഭരണഘടനയുടെ 30ാം അനുച്ഛേദം നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് തുടർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇഷ്ടപ്രകാരം സ്ഥാപിക്കാനും നടത്താനുമുള്ള അവകാശമാണത് നൽകുന്നത്. അതിന്റെ ഭരണനിർവഹണം എങ്ങനെ നടത്തണമെന്നത് ന്യൂനപക്ഷങ്ങളുടെ വിവേചനാധികാരമാണ്. ന്യൂനപക്ഷത്തിന് സ്വന്തം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമാണ് ഈ അനുച്ഛേദത്തിന്റെ സത്തയെന്ന് ചീഫ് ജസ്റ്റിസ് തുടർന്നു.
മുസ്ലിം ആംഗ്ലോ ഓറിയന്റൽ കോളജ് കേന്ദ്ര നിയമത്തിലൂടെ അലീഗഢ് മുസ്ലിം സർവകലാശാല ആയതോടെ അതിനായി മുസ്ലിം സമുദായം നടത്തിയ പരിശ്രമങ്ങൾ പ്രസക്തമല്ല എന്നാണ് ന്യൂനപക്ഷ പദവിക്കെതിരെയുള്ളവരുടെ വാദം. സ്ഥാപനമുണ്ടാക്കിയത് മുസ്ലിം സമുദായമല്ലെന്നും പാർലമെന്റ് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് ഇവർ പറയുന്നതിലെ യുക്തിയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ഒരു സ്ഥാപനത്തിന് ഭരണഘടനയുെട 30ാം അനുച്ഛേദത്തിന്റെ പ്രയോജനം കിട്ടണമെങ്കിൽ സ്ഥാപനം ന്യൂനപക്ഷം സ്ഥാപിക്കണം എന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനം അംഗീകരിക്കപ്പെട്ടാൽ അത് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമായി നിലനിർത്തണമോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ന്യൂനപക്ഷത്തിനുണ്ട്. മറ്റാരെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിന് വന്നാൽ അതിനെ ചോദ്യംചെയ്യാം.
അതേസമയം ഭരണനിർവഹണത്തിനായുള്ള സ്വന്തം അവകാശം ന്യൂനപക്ഷം മറ്റാർക്കെങ്കിലും അടിയറവെക്കണോ എന്നതും ന്യൂനപക്ഷത്തിന്റെ ഇഷ്ടമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ പദവിയുള്ള ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിന്റെ ഭരണനിർവഹണ സമിതിയിൽ താനടക്കം ഭൂരിഭാഗവും ന്യൂനപക്ഷ ഇതര വിഭാഗമാണെന്ന് അലീഗഢ് ഓൾഡ് ബോയ്സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇതിന് മറുപടി നൽകുകയുംചെയ്തു. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജിന്റെ തുടർച്ചയാണ് അലീഗഢ് മുസ്ലിം സർവകലാശാല. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും അലീഗഢ് മുസ്ലിം സർവകലാശാലയിലേക്ക് മാറിയതും കോളജിലെ എല്ലാ വിദ്യാർഥികളും അലീഗഢ് സർവകലാശാല വിദ്യാർഥികളായി പഠനം തുടർന്നതും അതുകൊണ്ടാണെന്നും സിബൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.