ജമ്മു-കശ്മീരിന് എപ്പോൾ സംസ്ഥാനപദവി മടക്കി നൽകാനാകും? കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന് എപ്പോൾ സംസ്ഥാനപദവി മടക്കി നൽകാനാകുമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇതിനുള്ള സമയപരിധിയും നടപടികളുടെ പുരോഗതിയും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്കരിച്ചത് താൽകാലികമാണെന്ന് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ പ്രതികരണം. ‘നിങ്ങൾക്ക് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാൻ കഴിയുമോ? ഒരു സംസ്ഥാനത്തിൽനിന്ന് ഒരു കേന്ദ്ര ഭരണ പ്രദേശം രൂപവത്കരിക്കാൻ കഴിയുമോ? എത്ര നാളുകളിലേക്കാണിത്? എന്നാണ് ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പ് നടത്താനാകുക? ജനാധിപത്യം പുനസ്ഥാപിക്കേണ്ടത് പരമപ്രധാനമാണ്’ -സുപ്രീംകോടതി വ്യക്തമാക്കി.
ഉന്നതതല യോഗത്തിനുശേഷം സമയപരിധി സംബന്ധിച്ച് ആഗസ്റ്റ് 31ന് മറുപടി നൽകാമെന്ന് തുഷാർ മേത്ത കോടതിയിൽ മറുപടി നൽകി. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയത്. ഒക്‌ടോബർ 31ന് ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്കരിച്ചു. അധികാര പദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി.
നടപടിക്കെതിരെ 21 ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് കേന്ദ്ര തീരുമാനമെന്നാണ് ഹരജികളിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.