370ാം അനുച്ഛേദം താൽക്കാലികം; ജമ്മു കശ്മീരും മണിപ്പൂരും താരതമ്യമില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞത് മണിപ്പൂർ അടക്കം പ്രത്യേക അവകാശങ്ങളുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബോധിപ്പിച്ച ഹരജി തള്ളിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്, ജമ്മുകശ്മീരും മണിപ്പൂരുമായി താരതമ്യം വേണ്ടെന്ന് ഓർമിപ്പിച്ചു. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയ 370ാം ഭരണഘടനാ അനുച്ഛേദം താൽക്കാലികമാണെന്നും മണിപ്പൂർ അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച ഭരണഘടന വ്യവസ്ഥകൾ സ്ഥിരമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോൺഗ്രസ് നേതാവും ലോക്സഭ എം.പിയുമായ സുപ്രീംകോടതി അഭിഭാഷകൻ മനീഷ് തിവാരിയുടെ വാദം ഖണ്ഡിച്ചാണ് ഹരജി തള്ളിയത്.
കോടതിയുടെ അഭിപ്രായം മാനിച്ച് ആ താരതമ്യത്തിലേക്ക് കടക്കുന്നില്ലെന്നും ഭരണഘടനയുടെ 370 അനുഛേദവുമായി ബന്ധപ്പെട്ട വാദത്തിലേക്ക് കടക്കുകയാണെന്നും മനീഷ് തിവാരി പറഞ്ഞപ്പോൾ, തങ്ങൾ ഈ ഹരജി തന്നെ തള്ളുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് മറുപടി നൽകി. സോളിസിറ്റർ ജനറലിന്റെ പ്രസ്താവന രേഖപ്പെടുത്തി ഈ ഹരജി അവസാനിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യം പറഞ്ഞ ഈ ഹരജി തീർപ്പാക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാറിന്റെ നിലപാടിലും തങ്ങൾക്ക് ഒരു അവ്യക്തതയുമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്റെ പ്രസ്താവന കേട്ട് തന്റെ അപേക്ഷ അടച്ചുവെക്കുകയാണെങ്കിൽ തനിക്കതിൽ പ്രശ്നമില്ലെന്ന് മനീഷ് തിവാരി ഇതിനോട് പ്രതികരിച്ചു. എങ്കിലും 370മായി ബന്ധപ്പെട്ട് ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ എന്ന് തിവാരി പറഞ്ഞപ്പോൾ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഇടപെട്ട് തടഞ്ഞു. താങ്കൾ എന്തു പറഞ്ഞാലും ഹരജി മറ്റൊരു വഴിക്കാണെന്നും എന്ത് ആശങ്കകൾ പ്രകടിപ്പിച്ചാലും അത് ഈ കേസിന്റെ വിഷയമല്ലെന്നും ജസ്റ്റിസ് കൗൾ ഓർമിപ്പിച്ചു. മണിപ്പൂരിന്റേത് വളരെ വൈകാരിക വിഷയമാണെന്ന് പറഞ്ഞിട്ട് ജമ്മുകശ്മീരിന്റെ കേസിൽ താങ്കൾ അതുന്നയിച്ചത് എന്തു കൊണ്ടാണെന്ന് ജസ്റ്റിസ് കൗൾ ചോദിച്ചു. അതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് മനീഷ് തിവാരിയുടെ ഇടക്കാല അപേക്ഷ തള്ളി ഇടക്കാല ഉത്തരവും പ്രകടിപ്പിച്ചു.
ജമ്മു കശ്മീരിനുള്ള 370ാം വകുപ്പ് റദ്ദാക്കിയത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ഭരണഘടന വ്യവസ്ഥകളെ ബാധിക്കുമെന്ന് മനീഷ് തിവാരി ബോധിപ്പിച്ചുവെന്ന് കേന്ദ്രത്തിന്റെ നിലപാട് അംഗീകരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചചൂഡ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയോ ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്തെയോ ബാധിക്കുന്ന ഏതെങ്കിലും പ്രത്യേക ഭരണഘടന വ്യവസ്ഥകളിൽ തൊടാൻ കേന്ദ്ര സർക്കാറിന് ഒരിക്കലും ഉദ്ദേശ്യമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന് മുന്നിലുള്ള വിഷയം 370ാം അനുച്ഛേദത്തിൽ പരിമിതമാണ്. ജമ്മു കശ്മീരിലെ ഈ വിഷയത്തിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിഷയങ്ങളുമായി സാമ്യതയില്ല. കേന്ദ്ര സർക്കാറിന് വേണ്ടി എസ്.ജി കോടതിയിൽ നടത്തിയ പ്രസ്താവന അത്തരം എല്ലാ ആശങ്കകളെയും ദുരീകരിക്കുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.