മായാവതി മായുന്നു; ബി.എസ്.പിയും
text_fields
ലഖ്നോ: തുടര്‍ച്ചയായ രണ്ടാംവട്ടവും തോല്‍വി രുചിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്ഥാനം അലങ്കരിച്ചിരുന്ന മായാവതിയുടെ പ്രഭാവം മങ്ങുന്നു. നാലു തവണ മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ 2012 അസംബ്ളി തെരഞ്ഞെടുപ്പിനും 2014 ലോക്സഭ വോട്ടെടുപ്പിനും പിന്നാലെ ഇത്തവണയും കാലിടറിയതോടെ ‘ബഹന്‍ജി’യുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും (ബി.എസ്.പി) നില ഏറെ പരുങ്ങലിലായി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നുപോലും വിശേഷിപ്പിക്കപ്പെടുന്നവിധം കനത്തതായി ബി.എസ്.പിയുടെ പരാജയം.
മൂന്നു പതിറ്റാണ്ടുമുമ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച 61കാരിയായ മായാവതി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെതന്നെ വേറിട്ട സാന്നിധ്യമായായിരുന്നു. ദലിത് ഉയിര്‍ത്തെഴുന്നേല്‍പിലൂടെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയാണ് മായാവതി ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്. 1984ല്‍ കാന്‍ഷിറാം ബി.എസ്.പി സ്ഥാപിച്ചതുമുതല്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന മായാവതി 1989ല്‍ പാര്‍ലമെന്‍റിലത്തെിയാണ് സജീവ രാഷ്ട്രീയത്തിന് തുടക്കമിട്ടത്.
1995ല്‍ നാലുമാസവും 97ല്‍ ആറുമാസവും മുഖ്യമന്ത്രിയായെങ്കിലും കാന്‍ഷിറാമിന്‍െറ മരണത്തോടെ 2001ല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തതോടെയാണ് മായാവതി ജൈത്രയാത്ര തുടങ്ങുന്നത്. 2002ല്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ഒന്നരവര്‍ഷമേ സ്ഥാനത്ത് തുടരാനായുള്ളൂ. 2007ല്‍ ബി.എസ്.പി ഒറ്റക്ക് ഭൂരിപക്ഷം നേടിയതോടെയാണ് മായാവതിക്ക് ആദ്യമായി അഞ്ചുവര്‍ഷം തികച്ച് ഭരിക്കാനായത്. മികച്ച ഭരണകര്‍ത്താവ് എന്ന പേര് നേടിയെങ്കിലും അഴിമതിയും ഏകാധിപത്യരീതിയും ആരോപിക്കപ്പെട്ട കാലം കൂടിയായിരുന്നു അത്. 2012ല്‍ എസ്.പിക്ക് മുന്നില്‍ അടിതെറ്റുകയും 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാതിരിക്കുകയും ചെയ്തതിന്‍െറ ക്ഷീണം ഇത്തവണ തീര്‍ക്കാമെന്ന മായാവതിയുടെയും ബി.എസ്.പിയുടെയും പ്രതീക്ഷയാണ് അസ്ഥാനത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.