പരീക്ഷകളിലെ ആൾമാറാട്ടം തടയാൻ കർണാടകയിൽ നിർമിതബുദ്ധി വിദ്യ
text_fieldsബംഗളൂരു: വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷകളിൽ ആൾമാറാട്ടം നടത്തുന്നത് തടയാൻ കർണാടക സർക്കാർ നിർമിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്നു വകുപ്പുകളിലേക്ക് നടക്കാൻ പോവുന്ന പരീക്ഷകളിലാണ് എ.ഐ പരീക്ഷിക്കുന്നത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ്, ബംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ എന്നീ വകുപ്പുകളിലേക്കാണ് പരീക്ഷ നടക്കുന്നത്.
ഭാവിയിൽ എല്ലാ മത്സര പരീക്ഷകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അനുമതിക്കായി സർക്കാറിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് കെ.ഇ.എ അധികൃതർ പറഞ്ഞു. വിരലടയാളവും മുഖം തിരിച്ചറിയാനുള്ള സംവിധാനവുമാണ് ആൾമാറാട്ടം തടയാൻ പ്രധാനമായും ഉപയോഗിക്കുന്നത്. പരീക്ഷാസമയത്തും നിയമന നടപടി സമയത്തും ഉദ്യോഗാർഥി ഒരാൾ തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഇതുപകരിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്തും പരീക്ഷാദിവസവും എടുക്കുന്ന ചിത്രത്തിലെ വ്യക്തി ഒരാൾ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് മുഖം തിരിച്ചറിയലിനുള്ള പരിശോധന നടത്തുന്നത്.
ഉദ്യോഗാർഥികളുടെ റോൾ നമ്പർ, ഫോട്ടോ, പരീക്ഷാതീയതി തുടങ്ങിയ എല്ലാവിവരങ്ങളും കർണാടക പരീക്ഷാ അതോറിറ്റി നിയമനം നടത്തുന്ന കമ്പനികൾക്ക് നൽകും. ആദ്യമായാണ് കർണാടക പരീക്ഷാ അതോറിറ്റി നിർമിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
മുൻ വർഷങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളിലേക്ക് നടന്ന പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നിരുന്നു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നത് വ്യാപകമാണ്. നിർമിതബുദ്ധി ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് വില്ലേജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ (വി.എ.ഒ) തസ്തികയിലേക്കുള്ള 1000 ഒഴിവുകളിലേക്ക് ആറുലക്ഷം ഉദ്യോഗാർഥികൾ അപേക്ഷ അയച്ചു. ഒക്ടോബർ 27നാണ് പരീക്ഷ. ഈ പരീക്ഷക്കും സർക്കാറിന്റെ അനുമതി ലഭിച്ചാൽ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കെ.ഇ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.