പീഡനാരോപണം: ചീഫ് ജസ്റ്റിസിന് പിന്തുണയുമായി ജയ്റ്റ്ലി; പിന്നിൽ ഇടതുപക്ഷ മാധ്യമങ്ങളെന്ന്
text_fieldsന്യൂഡൽഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പിന്തുണയുമായി ധനമന്ത്രി അരുൺ ജയ്റ്റ്ലി. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ മറവിൽ ചീഫ് ജസ്റ്റിസിെൻറ ഓഫീസിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥക്കൊപ്പം ഉറച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇതെന്നും ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.
ലൈംഗികാരോപണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും ജയ്റ്റ്ലി വിമർശിച്ചു. ഇടത് അനുഭാവമുള്ള പത്രങ്ങളാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്താൻ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം ദുരുപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടരെന്നും അരുൺ ജയ്റ്റ്ലി ആരോപിച്ചു.
ദി കാരവൻ, ദി സ്ക്രോൾ, ദി വയർ, ദി ക്വിൻറ് പോലുള്ള മാധ്യമങ്ങളാണ് ഗൊഗോയിക്കെതിരായ ആരോപണങ്ങളെ കുറിച്ച് വാർത്തകൾ നൽകിയത്. ജസ്റ്റിസ് ലോയയുടെ മരണമടക്കമുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളാണ് ഇവ.
കോടതി ജീവനക്കാരിയായ യുവതിയാണ് രഞ്ജൻ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി രാജ്യത്തെ 22 ജഡ്ജിമാർക്ക് കത്തയച്ചത്. തുടർന്ന് സുപ്രീംകോടതിയിൽ അടിയന്തര സിറ്റിങ് നടന്നിരുന്നു.
സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റൻറായി ജോലി ചെയ്യുന്ന 35കാരിയാണ് ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിൻെറ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിലുണ്ട്.
ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ ഭർത്താവിനെയും ഭർതൃ സഹോദരനെയും സസ്പെൻഡ് ചെയ്തും പ്രതികാര നടപടികൾ തുടർന്നതായും ഇതിനിടെ ചീഫ് ജസ്റ്റിസിൻെറ ഭാര്യ തന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചെന്നും കത്തിൽ ആരോപിക്കുന്നു.
സുപ്രിംകോടതിയിൽ താൽക്കാലിക ജൂനിയർ കോർട്ട് അറ്റൻഡൻറ് ആയിരുന്ന ഭർതൃ സഹോദരനെയും പുറത്താക്കി. പ്രതികാര നടപടികളുടെ ഭാഗമായി തന്നെയും ഭർത്താവിനെയും രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തെന്നും തനിക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.