സംവാദത്തിലും സംഘാടനത്തിലും തിളങ്ങിയ ജെയ്റ്റ്ലി
text_fieldsവക്കീലായിരുന്ന മാരാജ് മഹാരാജ് കിഷൻ െജയ്റ്റ്ലിയുടെയും രത്തൻ പ്രഭയുടെയും മകനായി 1952 ഡി സംബർ 28ന് ഡൽഹിയിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. ജെയ്റ്റ്ലി സെൻറ് സേവ്യേഴ്സ് സ്കൂളി ലെ പഠനശേഷം ഡൽഹി ശ്രീരാം കോളജിൽനിന്ന് നിയമബിരുദമെടുത്തു. 1974ൽ എ.ബി.വി.പി ബാനറിൽ ഡൽഹി സർവകലാശാല സ്റ്റുഡൻറ്സ് യൂനിയൻ ചെയർമാനായി. 1975ൽ അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുകാർക്കൊപ്പം ജയിലിലായി. 19 മാസത്തെ ജയിൽവാസത്തിനു ശേഷം പുറത്തുവന്ന് 1977 ൽ അഭിഭാഷകവൃത്തി തുടങ്ങി. 1980ൽ ബി.ജെ.പിയിൽ ചേർന്നു. തുടർന്ന് അഭിഭാഷക വൃത്തിയും രാഷ്ട്രീയ പ്രവർത്തനവും തുടർന്നു.
വി.പി സിങ് സർക്കാറിെൻറ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി ബോഫോഴ്സ് നിയമയുദ്ധത്തിൽ പങ്കാളിയായി. 1999ൽ വാജ്പേയി സർക്കാറിൽ മന്ത്രിയായി. നിയമ നീതിന്യായം, ഷിപ്പിങ്, വാർത്തവിതരണം, പ്രക്ഷേപണം, വാണിജ്യം, വ്യവസായം തുടങ്ങി നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തു.
2002ൽ പാർട്ടി ജനറൽ സെക്രട്ടറിയും വക്താവുമായി. നാലു തവണ രാജ്യസഭാംഗമായി. 2014ൽ ആദ്യമായി പഞ്ചാബിലെ അമൃത്സറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മോദി തരംഗത്തിനിടയിലും പരാജയമേറ്റുവാങ്ങി. എങ്കിലും ഒന്നാം മോദി സർക്കാറിൽ മന്ത്രിയായി. ധനം, പ്രതിരോധം, കോർപറേറ്റ് കാര്യം, വാർത്തവിതരണം തുടങ്ങിയവ നോക്കി. അദ്ദേഹം ധനമന്ത്രിയായിരിക്കേയാണ് നോട്ടു നിരോധനം, ചരക്കുസേവന നികുതി തുടങ്ങിയവ നടപ്പാക്കിയത്.
കക്ഷിഭേദമെന്യേ അനുശോചനം
ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ െജയ്റ്റ്ലിയുടെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖർ. ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാകാത്ത സംഭാവന നല്കിയ വ്യക്തിത്വമാണ് അരുണ് ജെയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്ലമെേൻററിയനുമായിരുന്നു െജയ്റ്റ്ലിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.വിലമതിക്കാനാകാത്ത സുഹൃത്തിനെയും രാഷ്ട്രീയത്തിലെ അതികായനെയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഹോദരതുല്യമായ നേതാവിനെയാണ് നഷ്ടമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. െജയ്റ്റ്ലിയുടെ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും സമൂഹത്തിെൻറ നന്മക്കായി പ്രവർത്തിച്ച മികച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും കോൺഗ്രസ് പാർട്ടി അറിയിച്ചു.
പൊതുജനങ്ങൾക്ക് െജയ്റ്റ്ലി നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. കഴിവുതെളിയിച്ച അഭിഭാഷകനും മികച്ച പ്രഭാഷകനും നല്ല ഭരണകർത്താവും അങ്ങേയറ്റം ആദരണീയനായ പാർലമെൻറ് അംഗവുമായിരുന്നു െജയ്റ്റ്ലിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതികരിച്ചു. ആഴത്തിലുള്ള വിജ്ഞാനവും ബുദ്ധിയും കൈമുതലായുള്ള നേതാവായിരുന്നു െജയ്റ്റ്ലിയെന്നും അദ്ദേഹത്തിെൻറ അഭാവം നികത്താൻ കഴിയാത്തതാണെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അനുസ്മരിച്ചു. പ്രിയപ്പെട്ട സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് കപിൽ സിബൽ പറഞ്ഞു. സങ്കീർണമായ പ്രശ്നങ്ങളിൽ പോലും പരിഹാരത്തിനായി പാർട്ടി ആശ്രയിച്ചത് െജയ്റ്റ്ലിയെയായിരുന്നുവെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി ഓർമിച്ചു. പാർട്ടിക്കതീതമായി എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റിയ നേതാവായിരുന്നു െജയ്റ്റ്ലിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അശോക് ഗഹ്ലോട്ട്, ശശി തരൂർ, ഭൂപീന്ദർ സിങ് ഹൂഡ തുടങ്ങി നിരവധി നേതാക്കളും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.