സൈനിക ഹെലികോപ്റ്റർ അപകടം; മരണം അഞ്ചായി
text_fieldsഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ഒരാളുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തതായി പ്രതിരോധ വക്താവ് അറിയിച്ചു. രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ച് കരസേനാംഗങ്ങൾ സഞ്ചരിച്ച അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ വെള്ളിയാഴ്ച രാവിലെ 10.43 നാണ് തകർന്നുവീണത്.ചൈന അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയിരുന്നു അപകടം. പൈലറ്റുമാരായ മേജർ വികാസ് ഭംഭു, മേജർ മുസ്തഫ ബൊഹാര, ഹവിൽദാർ ബിരേഷ് സിൻഹ, കാസർകോട് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ.വി. അശ്വിൻ, രോഹിതാശ്വ കുമാർ എന്നിവരാണ് മരിച്ചത്.
അപകടത്തിനുമുമ്പ് വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് കാണിച്ച് പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകിയതായി സൈന്യം അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ കരസേന കോർട്ട് ഓഫ് എൻക്വയറി രൂപവത്കരിച്ചിട്ടുണ്ട്. ലോവർ സിയാങ് ജില്ലയിലെ ലികാബലിയിൽ നിന്നാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ സായുധ ഹെലികോപ്റ്ററായ എച്ച്.എ.എൽ. രുദ്ര പറന്നുയർന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് ആക്രമണ ഹെലികോപ്റ്റർ നിർമിച്ചത്. ഒക്‌ടോബർ അഞ്ചിന് അരുണാചൽ പ്രദേശിൽ തന്നെ തവാങ് ജില്ലയിൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് മരിച്ചിരുന്നു.
മരിച്ച മലയാളിയായ അശ്വിൻ അവധിക്ക് വന്ന് ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്. നാലുവർഷം മുമ്പാണ് ഇലക്‌ട്രോണിക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.