'ന്യൂയോർക് ടൈംസിൽ സിസോദിയയുടെ ചിത്രം വന്നു; പിന്നാലെ സി.ബി.ഐ വീട്ടിലെത്തി'; കേന്ദ്രത്തെ പരിഹസിച്ച് കെജ്രിവാൾ
text_fieldsന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ട ദിവസം തന്നെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സി.ബി.ഐയെ അയച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. സി.ബി.ഐ റെയ്ഡ് തങ്ങളുടെ മികച്ച പ്രകടനം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ ഫലമാണെന്ന് കെജ്രിവാൾ പറഞ്ഞു.
"ഡൽഹിയിലെ വിദ്യാഭ്യാസ മാതൃകയെ അഭിനന്ദിക്കുകയും മനീഷ് സിസോദിയയുടെ ഫോട്ടോ അമേരിക്കയിലെ ഏറ്റവും വലിയ പത്രമായ ന്യൂയോർക് ടൈംസിന്റെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ദിവസം, കേന്ദ്ര സർക്കാർ മനീഷിന്റെ വസതിയിലേക്ക് സി.ബി.ഐയെ അയച്ചു. -കെജ്രിവാൾ ട്വീറ്റ് ചെയ്തു, മുമ്പും സി.ബി.ഐ റെയ്ഡുകൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണയും അവർക്ക് ഒന്നും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ മദ്യനയം പുനക്രമീകരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. സിസോദിയയുടെ വസതി ഉൾപ്പടെ ഒരേസമയം 20 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിയ സിസോദിയ അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ, കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.