പെഗസസ്: ഇ.ഡിയിലെ രാജേശ്വർ സിങ്ങിന്‍റെയും പി.എം.ഒ, നിതി ആയോഗ് മുതിർന്ന ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തി
text_fieldsന്യൂഡൽഹി: മുൻനിര രാഷ്ട്രീയക്കാരുടെയും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയ പെഗസസ് ചാരവൃത്തി കേസ് പാർലമെന്‍റിനെ പിടിച്ചുലക്കുന്നതിനിടെ വീണ്ടും വെളിപ്പെടുത്തൽ. മുതിർന്ന എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി, പ്രധാനമന്ത്രിയുടെയും നിതി ആയോഗിെലയും ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണും ചോർത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിരവധി പ്രമുഖ കേസുകൾ അന്വേഷിച്ച മുതിർന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിങ്ങാണ് അതിൽ പ്രമുഖൻ. രാജേശ്വർ സിങ്ങിന്‍റെ രണ്ട് നമ്പറുകൾക്ക് പുറമെ കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ പേരിലുള്ള നാല് ഫോൺ നമ്പറുകളും ചോർത്തിയതായി 'ദ വയർ' റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫ്രഞ്ച് സംഘമായ ഫോർബിഡൻ സ്റ്റോറീസ് ആണ് പെഗസസ് ചാരവൃത്തിയുടെ കാണാവിവരങ്ങൾ പുറത്തുവിട്ടത്.
അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റായി പ്രവർത്തിച്ച മുൻ ഐ.എ.എസ് ഓഫീസർ വി.കെ ജെയ്ൻ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിതി ആയോഗിലെയും ഓരോ ഉദ്യോഗസ്ഥൻ വീതം എന്നിവരും ചോർത്തപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ 2017 മുതൽ പ്രധാനമന്ത്രിയുടെ യാത്രകളുടെ ചുമതല വഹിച്ചയാളാണ്.
2009 മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ സേവനമനുഷഠിക്കുന്നുണ്ട് യു.പിയിൽനിന്നുള്ള ഉദ്യോഗസ്ഥനായ രാജേശ്വർ സിങ്. 2ജി സ്പെക്ട്രം കേസ്, എയർസെൽ- മാക്സിസ് കേസ്, സഹാറ ഗ്രൂപ് കേസ്, ആന്ധ്ര മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയവയെല്ലാം സിങ്ങിന്‍റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. 2017 അവസാനം മുതൽ 2019 പകുതിവരെ ഇദ്ദേഹത്തിന്‍റെ ഫോൺ ചോർത്തപ്പെട്ടതായാണ് സൂചന. ഭാര്യയുടെ പേരിലുള്ള രണ്ട് നമ്പറുകളും സഹോദരിമാരുടെ നമ്പറുകളും ചോർത്തപ്പെട്ടു. സഹോദരിമാരിൽ ഒരാൾ ഐ.എ.എസുകാരിയാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്രമന്ത്രിമാർ, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, 40 ഓളം മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേരുടെ ഫോണുകൾ ചോർത്തിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇസ്രായേലി ചാരക്കമ്പനിയായ എൻ.എസ്.ഒക്കു കീഴിെല പെഗസസ് വഴിയാണ് ഫോണുകൾ ചോർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.