‘മണി ട്രെയിൽ' കെജ്രിവാൾ കോടതിയിൽ വെളിപ്പെടുത്തിയപ്പോൾ പ്രതിക്കൂട്ടിലായത് ബി.ജെ.പി
text_fieldsന്യൂഡൽഹി: സുനിത കെജ്രിവാളിന്‍റെ പ്രസ്താവനക്ക് പിന്നാലെ ഡൽഹി മദ്യനയ കേസിലെ യഥാർഥ ‘മണി ട്രെയിലിനെ’ കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിചാരണ കോടതിയിൽ തുറന്നടിച്ചതോടെ പ്രതിക്കൂട്ടിലായത് ബി.ജെ.പി. മാപ്പുസാക്ഷിയായി മാറിയ മദ്യനയ കേസ് പ്രതി ശരത് റെഡ്ഢി ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിക്ക് നൽകിയ 55 കോടി രൂപയാണെന്നും 50 കോടിയും സംഭാവന ചെയ്തത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്ത ശേഷമാണെന്നും ഇത് ശരിക്കുമൊരു റാക്കറ്റാണെന്നും ഡൽഹി റോസ് അവന്യൂ കോടതിയിൽ കെജ്രിവാൾ തുറന്നടിച്ചു. കോടതി മുറിയിൽ കെജ്രിവാളിന്റെ സംസാരം തടസപ്പെടുത്താൻ നോക്കിയ ഇ.ഡിയുടെ അഭിഭാഷകൻ ഡൽഹി മദ്യനയ കേസ് ഏറ്റെടുത്ത ശേഷമാണ് കേസിലെ യഥാർഥ ‘മണി ട്രയൽ’ സംഭവിച്ചതെന്ന കെജ്രിവാളിന്റെ വാദം നിഷേധിക്കാനാവാതെ കുഴങ്ങി.
സ്വന്തം നിലക്ക് സംസാരിക്കാൻ കെജ്‍രിവാൾ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത അറിയിച്ചപ്പോൾ സമ്മതിച്ച ജഡ്ജി അഞ്ച് മിനിറ്റിൽ കൂടുതൽ സമയം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
തുടർന്ന് സംസാരിച്ച കെജ്രിവാൾ ഇ.ഡിയുടെ ദൗത്യംതന്നെ കുടുക്കുകയും ആം ആദ്മി പാർട്ടിയെ തകർക്കുകയും മാത്രമാണെന്ന് കോടതിയോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഈ കേസ് നടന്നുകൊണ്ടിരിക്കുന്നു. 2022-ൽ സി.ബി.ഐ കേസ് ഫയൽ ചെയ്തതാണ്. പിന്നീട് ഇ.സി.ഐ.ആർ ഫയൽ ചെയ്തു തന്നെ അറസ്റ്റ് ചെയ്തു. ഒരു കോടതിയും താൻ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. ഒരു കോടതിയും തനിക്ക് മേൽ ആരോപണമുന്നയിച്ചിട്ടുമില്ല. 25,000 പേജ് ഇ.ഡി ഫയൽ ചെയ്തു. നിരവധി സാക്ഷികളെയും കൊണ്ടുവന്നു.
ഇത്രയും പറഞ്ഞപ്പോഴേക്കും ഇതെല്ലാം എഴുതിത്തന്നേക്കൂ എന്ന് പറഞ്ഞ് കോടതി സംസാരം നിർത്താൻ ശ്രമിച്ചു. എന്നാൽ പറയാൻ അനുവദിക്കൂ എന്ന് കോടതിയോട് അഭ്യർഥിച്ച് കെജ്രിവാൾ തുടർന്നു. സാക്ഷിയായ അരവിന്ദിന്റെ മൊഴി പരാമർശിച്ച കെജ്രിവാൾ തന്റെ വീട്ടിൽ മന്ത്രിമാർ വരികയും സംസാരിക്കുകയും രേഖകൾ നൽകുകയും ചെയ്യാറുണ്ട് എന്ന മൊഴി ഒരു സിറ്റിങ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ എന്ന് കോടതിയോട് ചോദിച്ചു. ആഗ്രഹിക്കുന്ന കാലത്തോളം അവർക്കെന്നെ കസ്റ്റഡിയിൽ വെക്കാം.
ഇ.ഡിയുടെ കസ്റ്റഡിയെ ചോദ്യം ചെയ്യില്ല. എത്രനാൾ വെക്കണമെന്ന് ഇ.ഡി ആവശ്യപ്പെടുന്നുവോ അത്രയും നാൾ കസ്റ്റഡിയിൽ വെക്കട്ടെ. ഇത് 100 കോടിയുടെ അഴിമതിയാണെങ്കിൽ ആ പണമെവിടെ പോയി എന്നതാണ് ചോദ്യം. മദ്യനയ കേസിൽ ‘മണി ട്രയൽ’ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അത് ശരിക്കും തുടങ്ങുന്നത് ഇ.ഡി അന്വേഷണം തുടങ്ങിയതിന് ശേഷമാണ്. ശരത് റെഡ്ഢി 55 കോടിയാണ് ബി.ജെ.പിക്ക് നൽകിയത്. ഇവർ റാക്കറ്റ് നടത്തുകയാണെന്നതിന്റെ തെളിവ് തന്റെ പക്കലുണ്ട്. ശരത് റെഡ്ഢി അറസ്റ്റിലായ ശേഷമാണ് അതിൽ 50 കോടിയും ബി.ജെ.പിക്ക് നൽകിയതെന്നും ന്യൂഡൽഹി റോസ് അവന്യൂ കോടതി മുമ്പാകെ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
എന്നാൽ മാപ്പുസാക്ഷിയായ മാറിയ പ്രതി ശരത് ശരത് റെഡ്ഢി ഇ.ഡി ചോദ്യം ചെയ്ത ശേഷം ബി.ജെ.പിക്ക് കോടികൾ നൽകിയതിന് മദ്യനയ കേസുമായി ബന്ധമില്ലെന്നായിരുന്നു എ.എസ്.ജി രാജുവിന്റെ അവകാശ വാദം. ഡൽഹി മദ്യനയം ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന ദുർബല ന്യായ വാദമാണ് അതിനായി രാജു മുന്നോട്ടുവെച്ചത്. ആരെങ്കിലും ഏതെങ്കിലും വ്യക്തിക്ക് പണം നൽകുന്നത് തങ്ങൾക്ക് വിഷയമല്ലെന്നും അതുമായി മദ്യനയത്തിന് ബന്ധമില്ലെന്നും രാജു വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.