പഞ്ചാബിൽ 'ആപ്' റോഡ് ഷോക്ക് ജനം ഒഴുകിയെത്തി; സത്യസന്ധതയാകും സർക്കാറിന്റെ മുഖമുദ്ര -കെജ്രിവാൾ
text_fieldsഅമൃത്സർ: പഞ്ചാബിൽ അത്ഭുത വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രിയാകുന്ന ഭഗവന്ത് മാനും റോഡ്ഷോ നടത്തി.117 അംഗ നിയമസഭയിൽ 'ആപ്' 92 സീറ്റ് നേടിയാണ് വിജയം കൊയ്തത്. വർഷങ്ങൾക്കുശേഷം പഞ്ചാബിന് സത്യസന്ധനായ മുഖ്യമന്ത്രിയെ ലഭിക്കാൻ പോവുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. സത്യസന്ധത മുഖമുദ്രയാക്കിയ സർക്കാറാകും പഞ്ചാബ് ഭരിക്കുക. ഐ ലവ് യു പഞ്ചാബ് -കൈയടികൾക്കിടെ അദ്ദേഹം തുടർന്നു.
ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനവും പാലിക്കും. ഖജനാവിൽ നിന്നുള്ള എല്ലാ പണവും ജനങ്ങൾക്കായി ചെലവഴിക്കും. 'ആപ്പി'ലെ ഏതെങ്കിലും നേതാവോ എം.എൽ.എയോ തെറ്റുചെയ്താൽ അവരും അഴിയെണ്ണേണ്ടി വരും. മാൻ മാത്രമല്ല, പഞ്ചാബിലെ ഓരോരുത്തരും മുഖ്യമന്ത്രിയായിരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
കചേഹ്രി ചൗക്കിൽ നിന്ന് റോഡ് ഷോ തുടങ്ങുമ്പോൾ പാർട്ടി പ്രവർത്തകർ കെജ്രിവാളിനെയും മാനെയും പുഷ്പഹാരം അണിയിച്ചു. ഇരുവരും തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. രാജ്യപതാകയും പാർട്ടി പതാകയും ഒരുമിച്ച് കൈയിലേന്തിയാണ് പാർട്ടി പ്രവർത്തകർ റോഡ് ഷോക്കെത്തിയത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി വയോധികരെയും വഴിയരികിൽ കാണാമായിരുന്നു. ഡൽഹിയിലെ പ്രമുഖ 'ആപ്' നേതാക്കളും പരിപാടിക്കെത്തിയിരുന്നു.
നേരത്തെ കെജ്രിവാൾ മാനിനൊപ്പം സുവർണ ക്ഷേത്രത്തിലെത്തി. ക്ഷേത്രാധികാരികൾ അവർക്ക് ആദരസൂചകമായി മേൽവസ്ത്രം സമ്മാനിച്ചു. ജാലിയൻ വാല ബാഗ് സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ കെജ്രിവാളും മാനും ദുർഗിയാന മന്ദിറിലും ശ്രീ രാം തിരത് മന്ദിറിലും പ്രാർഥന നടത്തി. മാർച്ച് 16ന് ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖട്കർ കലാനിലാണ് സത്യപ്രതിജ്ഞ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.