'60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ'; പുതിയ പദ്ധതി പ്രഖ്യാപിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ മുതിർന്ന പൗരന്മാർക്കായി പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സഞ്ജീവനി യോജന എന്ന പുതിയ പദ്ധതി പ്രകാരം 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു.
“ചികിത്സാ ചെലവിന് ഉയർന്ന പരിധിയുണ്ടാകില്ല. ഇതിനായുള്ള രജിസ്ട്രേഷൻ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആരംഭിക്കും. ആപ്പ് പ്രവർത്തകർ രജിസ്ട്രേഷനായി നിങ്ങളുടെ വീട്ടിലെത്തും. അവർ നിങ്ങൾക്ക് ഒരു കാർഡ് നൽകും, അത് സുരക്ഷിതമായി സൂക്ഷിക്കുക. തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ അധികാരത്തിൽ വന്നാൽ ഈ നയം നടപ്പിലാക്കും” -കെജ്രിവാൾ പറഞ്ഞു.
കേന്ദ്രസർക്കാറിന്‍റെ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുണ്ടെന്നും അവ തിരുത്താൻ ഡൽഹി സർക്കാർ മികച്ച പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
കേന്ദ്രത്തിന്‍റെ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) നടപ്പാക്കാത്തതിനെച്ചൊല്ലി പ്രതിപക്ഷമായ ബി.ജെ.പിയും ഭരണകക്ഷിയായ എ.എ.പിയും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. പദ്ധതി നടപ്പാക്കാൻ ഡൽഹി സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഏഴ് ബി.ജെ.പി എം.പിമാർ ഡൽഹി ഹൈകോടതിയെ സമീപിച്ചു. പദ്ധതി നടപ്പാക്കാത്തതിനാൽ ഡൽഹിയിലെ പൗരന്മാർക്ക് ഉയർന്ന ചികിത്സാച്ചെലവുകൾ നേരിടേണ്ടിവരുന്നുവെന്ന് ഹരജിക്കാർ വാദിച്ചു.
ഡൽഹി ഹൈകോടതി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഡൽഹി സർക്കാറിന്‍റെ നിലപാട് തേടിയിരുന്നു. ഡൽഹി ഭരണകൂടത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി എ.എ.പി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.