‘മോദിയുടെ മനസ്സിൽ ഒരു രാജ്യം ഒരു നേതാവ്’, പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കെജ്രിവാൾ; മെഹ്റോളിയിലും കൃഷ്ണ നഗറിലും റോഡ് ഷോ
text_fieldsന്യൂഡല്‍ഹി: ഒരു രാജ്യം ഒരു നേതാവെന്ന അപകടകരമായ ദൗത്യമാണ് മോദിയുടെ മനസ്സിലുള്ളതെന്നും അതിനാണ് പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നേതാക്കളെ ജയിലിലടച്ചാൽ തകരുന്ന പ്രസ്ഥാനമല്ല ആം ആദ്മി പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസ്സിലാക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം ലഭിച്ചശേഷം ശനിയാഴ്ച പാർട്ടി ആസ്ഥാനത്ത് നടന്ന പൊതുസമ്മേളനത്തിലാണ് മോദിക്കെതിരെ കെജ്രിവാൾ ആഞ്ഞടിച്ചത്. ജനാധിപത്യം ഇല്ലാതാക്കാനാണ് ഏകാധിപതിയായ മോദി ശ്രമിക്കുന്നത്. ഏകാധിപതിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ പിന്തുണ ഞാൻ തേടുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ജയിലിലടച്ച് സർക്കാറുകളെ അട്ടിമറിക്കാനാണ് ശ്രമം. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ജയിലിലടച്ചു. ഇനി പിണറായി വിജയൻ, മമത, എം.കെ. സ്റ്റാലിൻ, തേജസ്വി തുടങ്ങിയവർ ജയിലിലാകും.
തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, ശിവരാജ്‌സിങ് ചൗഹാന്‍, രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോദി ഒഴിവാക്കി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യോഗി ആദിത്യനാഥിന്റെ സ്ഥാനം തെറിക്കും. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി ആരാണെന്നാണ് അവർ ചോദിക്കുന്നത്.
ബി.ജെ.പിയിൽ 75 വയസ്സ് തികയുന്നവർ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോദിയാണ്. അങ്ങനെയെങ്കിൽ മോദിയും അടുത്തവർഷം വിരമിക്കണം. അതിനുശേഷം ആരാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജ്രിവാൾ ചോദിച്ചു. ജൂൺ നാലിന് മോദി സർക്കാർ അധികാരത്തിൽ വരില്ല. മിക്ക സംസ്ഥാനങ്ങളിലും സീറ്റുകൾ കുറയുകയാണ്. 220-230 മണ്ഡലങ്ങളിൽ കൂടുതൽ ലഭിക്കാൻ പോകുന്നില്ല. ഇൻഡ്യ മുന്നണി സർക്കാർ രൂപവത്കരിക്കും. ഡൽഹിക്ക് ഗുജറാത്തിന് പകരം ഡൽഹിയിൽനിന്ന് തന്നെ ലഫ്.ഗവണറെ ലഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ആപ് നേതാക്കൾ തുടങ്ങിയവരോടൊപ്പം കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് കെജ്രിവാൾ പാർട്ടി ആസ്ഥാനത്ത് എത്തിയത്. വൈകീട്ട് മെഹ്റോളിയിലും കൃഷ്ണ നഗറിലും കെജ്രിവാൾ റോഡ് ഷോ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.