വോട്ടിന് പണം: തടയുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടെന്ന് കെജ് രിവാൾ
text_fieldsന്യൂഡൽഹി: പണം നൽകി വോട്ട് തേടുന്ന സമ്പ്രദായം നിർത്തലാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എ.എ.പി നേതാവായ അശുതോഷിന്‍റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് കെജ് രിവാളിന്‍റെ ആരോപണം. ഒരു കാർ നിർത്തിയിട്ട് ജനങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പണം വിതരണം ചെയ്യുന്നത് കണ്ടുവെന്നായിരുന്നു അശുതോഷിന്‍റെ ട്വീറ്റ്.
വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും അരവിന്ദ് കെജ് രിവാളും തമ്മിൽ രണ്ടു ദിവസങ്ങളായി ചൂടേറിയ വാഗ്വാദം നടന്നുകൊണ്ടിരിക്കുകയാണ്.
'മറ്റുള്ളവരിൽ നിന്നും പൈസ സ്വീകരിച്ച് ഞങ്ങൾക്ക് വോട്ട് ചെയ്യൂ' എന്ന കെജ് രിവാളിന്‍റെ ഗോവയിലെ പ്രസംഗം തെരഞ്ഞെടുപ്പ് കമീഷന്‍റെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കമീഷൻ കെജ്രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള പരാമർശങ്ങൾ പാർട്ടിക്ക് അയോഗ്യത കൽപിക്കാൻ ഇടയാക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദി താക്കീത് നൽകി.
എന്നാൽ താൻ തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരായ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കമീഷന്‍റെ നടപടി നിയമപരമല്ലാത്തതും ഭരണാഘടനാവിരുദ്ധവുമാണെന്നും പറയുക മാത്രമല്ല, കമീഷന്‍റെ ഉത്തരവിനെ വെല്ലുവിളിക്കുന്നതായും കെജ്രിവാൾ പറഞ്ഞു. വോട്ടിനുവേണ്ടി താൻ പണം നൽകുകയോ ഏതെങ്കിലും വ്യക്തിയിൽ നിന്നും എന്തെങ്കിലും സൗജന്യം പറ്റാൻ ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നായിരുന്നു കെജ്രിവാളിന്‍റെ വിശദീകരണം.
അതേസമയം, കെജ്രിവാളിന്‍റെ ആരോപണത്തിന് മറുപടി പറയാൻ നസീം സെയ്ദി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.