അരവിന്ദ് കെജ്രിവാളിന് പ്രചാരണം നടത്താം; പക്ഷേ മദ്യനയ അഴിമതി ജനങ്ങൾ മറക്കില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രവാളിന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താമെങ്കിലും ജനങ്ങൾ മദ്യനയ അഴിമതി മറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നിന് ശേഷം കെജ്രിവാൾ കീഴടങ്ങണം.
ഇത് താൽക്കാലിക ജാമ്യം മാത്രമാണ്. കെജ്രിവാൾ ജൂൺ ഒന്നിന് കീഴടങ്ങണം. എ.എ.പി അധ്യക്ഷന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. പക്ഷേ എവിടെ പ്രചാരണം നടത്തിയാലും മദ്യനയ അഴിമതി മാത്രമേ ജനങ്ങൾ ഓർമിക്കുവെന്ന് അമിത് ഷാ പറഞ്ഞു.
സന്ദേശ്ഖാലി സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് വർഷങ്ങളായി മതത്തിന്റെ പേരിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഒരു സ്ത്രീയായിരുന്നിട്ട് കൂടി അതിനെതിരെ നടപടിയെടുക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തയാറാവുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഒരു കുറ്റകൃത്യം ചെയ്തതിന് ശേഷം അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് തെളിയിക്കാൻ കൂടുതൽ കുറ്റകൃത്യം ചെയ്യുന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ രീതിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നേരത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് വ്യാജ പരാതി നൽകാൻ സന്ദേശ്ഖാലി ഇരകളിൽ സമ്മർദ്ദം ചെലുത്തിയെന്ന് ബി.ജെ.പി നേതാവ് പറയുന്ന വിഡിയോ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.