വാക്ക് പാലിച്ച് കെജ്രിവാൾ; ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അത്താഴത്തിനെത്തി
text_fieldsഗാന്ധിനഗർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിൽ പര്യടനത്തിലുള്ള ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഓട്ടോ ഡ്രൈവർക്ക് നൽകിയ വാക്ക് പാലിച്ച് വീട്ടിൽ അത്താഴത്തിനെത്തി. സുരക്ഷ പ്രശ്നങ്ങൾ ഉന്നയിച്ച് വീട്ടിലേക്കുള്ള യാത്ര പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും അവസാനം വഴങ്ങുകയായിരുന്നു. പാർട്ടി ഗുജറാത്ത് ഘടകം പ്രസിഡന്റ് ഗോപാൽ ഇറ്റാലിയയും ദേശീയ ജോയന്റ് സെക്രട്ടറി ഇസുദൻ ഗാധ്വിയും അദ്ദേഹത്തെ അനുഗമിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങൾ എ.എ.പി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. ഹോട്ടലിൽനിന്ന് ഡ്രൈവറുടെ ഓട്ടോയിൽ തന്നെയാണ് വീട്ടിലേക്ക് തിരിച്ചത്.
അഹമ്മദാബാദിലെ ഓട്ടോഡ്രൈവർമാരുടെ യോഗത്തിലാണ് കെജ്രിവാളിനോട് ഡ്രൈവറായ വിക്രം ലട്‍ലാനി തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്ന് ചോദിച്ചത്. "ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്. പഞ്ചാബിൽ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നു, എന്റെ വീട്ടിലും അത്താഴം കഴിക്കാൻ വരാമോ?" എന്നായിരുന്നു ചോദ്യം. ഉടൻ കെജ്രിവാളിന്റെ മറുപടിയെത്തി.
"തീർച്ചയായും വരും. ഞാൻ പഞ്ചാബിലെ ഓട്ടോഡ്രൈവർമാരുടെ വീടുകളിൽ പോയിരുന്നു. പഞ്ചാബിലേത് പോലെ ഗുജറാത്തിലെയും ഓട്ടോഡ്രൈവർമാർക്ക് എന്നോട് വലിയ സ്നേഹമാണ്. ഇന്ന് വൈകീട്ട് വരട്ടെ അത്താഴം കഴിക്കാൻ? എന്നോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകരുമുണ്ടാവും" കെജ്രിവാൾ പറഞ്ഞു. ഹോട്ടലിൽനിന്ന് തന്നെ ഓട്ടോയിൽ വന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്നും കെജ്രിവാൾ ചോദിച്ചിരുന്നു. വൻ കൈയടിയോടെയാണ് സദസ്സിലുണ്ടായിരുന്നവർ ഇത് ഏറ്റെടുത്തത്. അരവിന്ദ് കെജ്രിവാളിനോടുള്ള ഓട്ടോ ഡ്രൈവറുടെ ചോദ്യവും അതിന് കെജ്രിവാൾ നൽകിയ മറുപടിയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.