ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ 'ദേശഭക്തി കരിക്കുലം' അവതരിപ്പിച്ച് അരവിന്ദ് കെജ്‍രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ 'ദേശഭക്തി കരിക്കുലം' അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഭഗത് സിങ് ജന്മദിനത്തിൽ ചത്രസാൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എ.എ.പി സർക്കാർ ഏറ്റവും പ്രതീക്ഷയോടുകൂടി കാണുന്ന പദ്ധതിയാണിത്. വിദ്യാർഥികളിൽ ദേശഭക്തി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'ദേശഭക്തി കരിക്കുലം' പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കുന്നതെന്നും കെജരിവാൾ പറഞ്ഞു.
ദേശഭക്തിഗാനം കേൾക്കുമ്പോഴോ ത്രിവർണ പതാക ഉയർത്തുമ്പോഴോ മാത്രം ജനങ്ങളിൽ ഉണ്ടാകുന്ന വികാരമായി ദേശഭക്തി മാറിയിരിക്കുന്നു. ഓരോരുത്തരുടേയും ഉള്ളിൽ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരമാണത്. കെജ്‍രിവാൾ പറഞ്ഞു.
കഴിഞ്ഞ 74 വർഷങ്ങളായി നമ്മൾ കുട്ടികളെ ഫിസിക്സും കെമിസ്ട്രിയും കണക്കും പഠിപ്പിച്ചു. എന്നാൽ ദേശഭക്തി പഠിപ്പിച്ചില്ല. ഡൽഹിയിലെ ഓരോ കുട്ടികളും ശരിയായ അർഥത്തിൽ ദേശഭക്തിയുള്ളവരാകും. ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും ദേശഭക്തി കരിക്കുലം കാരണമാകുമെന്നും കെജ്‍രിവാൾ പറഞ്ഞു.
രണ്ടു വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് പദ്ധതി സാധ്യമായത്. കോളജുകളിൽ ഇന്ന് പണമുണ്ടാക്കുന്ന യന്ത്രങ്ങളെയാണു രൂപപ്പെടുത്തുന്നത്. ഇതു നിർത്തണം. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സംവിധാനം വഴി എൻജിനീയർമാരും അഭിഭാഷകരും പോലുള്ള പ്രഫഷനലുകളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈയൊരു കരിക്കുലത്തിലൂടെ ദേശഭക്തരായ ഡോക്ടർമാരും എൻജിനീയർമാരും പാട്ടുകാരും മാധ്യമപ്രവർത്തകരും ഉണ്ടാകും.
ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്താകമാനം ഈ ആശയം സ്വീകരിക്കപ്പെടുമെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് എല്ലാ ദിവസവും ഒരു പിരിയഡാണ് ദേശഭക്തി ക്ലാസിനായി മാറ്റിവയ്ക്കുകയെന്ന് ഡൽഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം ക്ലാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.