‘മനോവീര്യം നൂറ് മടങ്ങ് വർധിച്ചു’; ജയിൽമോചിതനായി കെജ്രിവാൾ; കോരിച്ചൊരിയുന്ന മഴയത്തും വൻ സ്വീകരണമൊരുക്കി പ്രവർത്തകർ
text_fieldsന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാൾ ജയില്‍ മോചിതനായി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് അഞ്ചര മാസത്തിനുശേഷം വെള്ളിയാഴ്ച വൈകീട്ടോടെ തിഹാര്‍ ജയിലില്‍നിന്ന് കെജ്രിവാൾ പുറത്തിറങ്ങിയത്.
കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ ജയിലിനു പുറത്ത് കാത്തുനിന്നത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എം.പി സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളും കെജ്രിവാളിനെ സ്വീകരിക്കാനെത്തിയിരുന്നു. തന്‍റെ മാനോവീര്യം നൂറുമടങ്ങ് വർധിച്ചതായി കെജ്രിവാൾ പറഞ്ഞു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഴയെ അവഗണിച്ചും തന്നെ സ്വീകരിക്കാനെത്തിയ പ്രവർത്തകർക്ക് നന്ദി പറയുന്നു. എന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു, എന്റെ ജീവിതത്തില്‍ ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്, പക്ഷേ ദൈവം കൂടെയുണ്ട്. കാരണം, ഞാന്‍ സത്യത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്’ -കെജ്രിവാൾ പറഞ്ഞു.
പേരെടുത്ത് പറയാതെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. ജയിലിലടച്ച് തന്‍റെ മനോവീര്യം തകർക്കാൻ കഴിയുമെന്നാണ് അവർ കരുതിയത്. ജയിലില്‍നിന്ന് പുറത്തുവന്നതിന് ശേഷം മനോവീര്യവും ശക്തിയും നൂറുമടങ്ങ് വര്‍ധിച്ചു, ദൈവം കാണിച്ചുതന്ന പാതയില്‍ സഞ്ചരിക്കും. രാഷ്ട്രത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടിക്കൊണ്ടേയിരിക്കുമെന്നും കെജ്രിവാൾ പ്രതികരിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം നേടി പുറത്തുവരാനിരിക്കെ ജൂൺ 26ന്, സി.ബി.ഐ തിഹാർ ജയിലിലെത്തി അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് വാദിച്ച കെജ്രിവാൾ സി.ബി.ഐയുടെ അറസ്റ്റിന്‍റെ സാധുതയെ ചോദ്യം ചെയ്തും ഹരജി സമർപ്പിച്ചു.
കെജ്രിവാളിന് ജാമ്യം അനുവദിക്കവെ, അറസ്റ്റിന്‍റെ സാധുതയെ രണ്ട് ജഡ്ജിമാരും വ്യത്യസ്ത രീതിയിലാണ് വിലയിരുത്തിയത്. നിയമപരമായ നടപടിക്രമമാണ് സി.ബി.ഐ പിന്തുടർന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞപ്പോൾ, തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും 22 മാസമായി കേസിൽ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.