കെജ്രിവാൾ പുറത്തിറങ്ങി; ജയിൽ മോചനം 50 ദിവസത്തിനുശേഷം
text_fieldsന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ ഒന്നുവരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമാണ് കെജ്രിവാൾ ജയിലിൽനിന്ന് പുറത്തുവരുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും(ഇ.ഡി) മോദി സർക്കാറിനും ബി.ജെ.പിക്കും ഒരുപോലെ തിരിച്ചടിയായ സുപ്രീംകോടതി ഉത്തരവ് ആം ആദ്മി പാർട്ടിക്കൊപ്പം പ്രതിപക്ഷ മുന്നണിയായ ഇൻഡ്യക്കും സമാശ്വാസവും ആവേശവും പകർന്നു. നടപടികൾ പൂർത്തിയാക്കി രാത്രി ഏഴുമണിക്ക് കെജ്രിവാൾ തിഹാർ ജയിലിൽ നിന്നും പുറത്തെത്തി.
കെജ്രിവാളിന് ക്രിമിനൽ പശ്ചാത്തലമില്ല. അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ല. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യുക്തിസഹവും സ്വതന്ത്രപരവുമായ കാഴ്ചപ്പാട് ന്യായീകരിക്കാനാകുന്നതാണെന്ന് ഇടക്കാല ജാമ്യം അനുവദിച്ച് ബെഞ്ച് വ്യക്തമാക്കി. ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. ഫലപ്രഖ്യാപനം വരുന്ന ജൂൺ നാലുവരെ ജയിലിന് പുറത്ത് തുടരാൻ അനുവദിക്കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി അഭ്യർഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
പ്രചാരണം നടത്തുകയെന്നത് മൗലികാവകാശമോ ഭരണഘടനാ അവകാശമോ അല്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവ് നൽകുന്നത് നിയമവാഴ്ചയെയും സമത്വത്തെയും അപമാനിക്കുന്നതിന് തുല്യമാകുമെന്നും വ്യക്തമാക്കി ഇ.ഡി വ്യാഴാഴ്ച കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷം കെജ്രിവാളിന്റെ ഹരജി പരിഗണിച്ച ബെഞ്ച് വാദങ്ങളിലേക്ക് കടക്കാതെ ഇടക്കാല ജാമ്യം നൽകുകയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
ഡൽഹി സർക്കാറിന്റെ പഴയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് രണ്ടു വർഷം മുമ്പ് രജിസ്റ്റർചെയ്ത കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജ്രിവാൾ നൽകിയ ഹരജി വിചാരണ കോടതിയും ഹൈകോടതിയും നേരത്തേ തള്ളിയിരുന്നു.
ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു വിധി വന്നതിനു പിന്നാലെ കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ പ്രതികരണം. ഏകാധിപത്യം അവസാനിച്ചെന്നും ലോക്സഭ തെരഞ്ഞെടുപ്പ് ഇനിയാണ് ആരംഭിക്കുന്നതെന്നും ആപ് നേതാക്കളും വ്യക്തമാക്കി. ഇടക്കാല ജാമ്യം ലഭിക്കുന്നത് നിരപരാധിയാണെന്നതിന് അർഥമില്ലെന്ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ വിരേന്ദർ സച്ച്ദേവ പറഞ്ഞു. കെജ്രിവാളിന്റെ ജാമ്യം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ബി.ജെ.പി ഏഴു സീറ്റിലും വിജയിക്കുമെന്നും സച്ച്ദേവ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.