അറസ്റ്റിനു ശേഷം കെജ്രിവാളിന്റെ ശരീരഭാരം എട്ടര കിലോഗ്രാം കുറഞ്ഞു; ഷുഗർ നില താഴെ പോയി -എ.എ.പി
text_fieldsന്യൂഡൽഹി: അറസ്റ്റിനു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാരം 8.5 കിലോഗ്രാം കുറഞ്ഞെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 മില്ലിഗ്രാം/ഡി.എല്ലിൽ താഴെയായെന്നും എ.എ.പിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ്. കെജ്രിവാളിന്റെ ആരോഗ്യം ക്ഷയിപ്പിച്ച് ഗുരുതര രോഗത്തിലേക്ക് തള്ളിവിടാനായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും ഇത് ആശങ്കാജനകമാമെന്നും സഞ്ജയ് സിങ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും സി.ബി.ഐയും അറസ്റ്റ് ചെയ്ത കെജ്രിവാൾ തിഹാർ ജയിലിലാണുള്ളത്. മാർച്ച് 21 ന് ഇ.ഡി അറസ്റ്റ് ചെയ്യുമ്പോൾ കെജ്‌രിവാളിന്റെ ശരീരഭാരം 70 കിലോഗ്രാം ആയിരുന്നുവെന്നും അതിപ്പോൾ 61.5 കിലോയായി കുറഞ്ഞുവെന്നും സിങ് പറഞ്ഞു. ജയിലിൽ വെച്ച് കെജ്‍രിവാളിനെ പീഡിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് കളിക്കുകയാണ് മോദി സർക്കാർ. ജയിലിൽ മെഡിക്കൽ പരിശോധന നടത്താത്തതിനാൽ കെജ്രിവാളിന്റെ ശരീരഭാരം കുറയുന്നതിന്റെ കാരണം അജ്ഞാതമാണെന്നും സഞ്ജയ് സിങ് പറഞ്ഞു. ശരീരഭാരം കുറയുന്നത് ഗുരുതര രോഗലക്ഷണമാണ്. അഞ്ച് തവണയാണ് അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 മില്ലിഗ്രാം/ഡി.എല്ലിന് താഴെ പോയത്. ഇങ്ങനെ സംഭവിക്കുമ്പോൾ കോമയിലേക്ക് വരെ പോകാം.-സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.
ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി നീട്ടിയിരിക്കുകയാണ്. ഇ.ഡി കേസിൽ ജാമ്യം ലഭിക്കമെന്ന് തോന്നിയപ്പോൾ, സി.ബി.ഐയെ ഉപയോഗിച്ച് കെജ്രിവാളിനെതിരെ മറ്റൊരു വ്യാജ കേസിൽ അറസ്റ്റ് ചെയ്യിച്ചിരിക്കുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.