ഗുജറാത്തിൽ കോൺഗ്രസും ബി.ജെ.പിയും ലയിക്കുമെന്ന് കെജ്രിവാൾ; തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് 'ആപ്' തുടങ്ങി
text_fieldsഡൽഹിക്ക് പിറകെ പഞ്ചാബിൽ കൂടി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി ('ആപ്') ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും ഒരു കൈ നോക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി മുഖ്യമന്ത്രിയും ആപ് മേധാവിയുമായ അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച മുതൽ ഗുജഹാത്തിലുണ്ട്. സൗജന്യങ്ങൾ സംബന്ധിച്ച വലിയ വാഗ്ദാനങ്ങൾ നൽകുന്നതോടൊപ്പം ഭരണകക്ഷിയായ ബി.ജെ.പിക്കും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനുമെതിരെ ശക്തമായ ആരോപണങ്ങളും ഗുജറാത്ത് സന്ദർശനത്തിനിടെ കെജ്രിവാൾ ഉന്നയിക്കുന്നുണ്ട്.
ഗുജറാത്തിലെ കോൺഗ്രസും ബി.ജെ.പിയും വൈകാതെ ലയിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അവരുടെ പ്രണയകാലം അവസാനിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് ആപും ബി.ജെ.പിയും തമ്മിലായിരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
സൗജന്യ വൈദ്യൂതിയും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുമടക്കം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വലിയ വാഗ്ദാനങ്ങളാണ് കെജ്രിവാൾ പ്രഖ്യാപിച്ചത്. വൈദ്യുതി ബില്ലുകൊണ്ട് ഗുജറാത്തിലെ ജനങ്ങൾ വലിയ ദുരിതത്തിലാണെന്ന് കെജ്രിവാൾ പറഞ്ഞു.
പഞ്ചാബിൽ ആപ് അധികാരത്തിലെത്തിയ ശേഷം 25 ലക്ഷം വീടുകളിൽ വൈദ്യുതി സൗജന്യമായെന്ന് കെജ്രിവാൾ അവകാശപ്പെട്ടു. പഞ്ചാബിലെ 51 ലക്ഷം വീടുകളിൽ വൈദ്യുതി സൗജന്യയി ഉടനെയെത്തും. ഡൽഹിയിലെ ജനങ്ങൾക്കും സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തും ആപാണ് അധികാരത്തിലുള്ളതെന്നും കെജ്രിവാൾ ചൂണ്ടികാട്ടി.
ഗുജറാത്തിലെ യുവാക്കൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഡൽഹിയിൽ 12 ലക്ഷം യുവാക്കൾക്ക് തൊഴിൽ കൊടുക്കാനായിട്ടുണ്ട്. അധികാരത്തിലെത്തിയാൽ ഗുജറാത്തിലെ തൊഴിൽ രഹിതർക്കും തൊഴിൽ നൽകുമെന്നും അതുവരെ 3000 രൂപ പ്രതിമാസ തൊഴിൽ രഹിത വേതനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അതിന്റെ കോർപറേറ്റ് സുഹൃത്തുക്കളുടെ 10 ലക്ഷം കോടി വായ്പ എഴുതിതള്ളിയിട്ടുണ്ടെന്നും അവരിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഫണ്ട് സംബന്ധിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോത്ര വിഭാഗങ്ങൾക്കായും കെജ്രിവാൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഗോത്ര ഉപദേശക സമിതിയുടെ അധ്യക്ഷനായി ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളെ തന്നെ നിയമിക്കും. സംസ്ഥാനത്ത് നിലവിൽ ഈ സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ആപ് അധികാരത്തിലെത്തിയാൾ ഈ സ്ഥിതി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.