കെജ്‌രിവാളും സിസോദിയയും ഇന്ന് ഗുജറാത്തിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഗുജറാത്തിൽ എത്തും. മദ്യനയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തിനോടൊപ്പം ഉണ്ടാകും.
ഇന്ന് അഹമ്മദാബാദിലെത്തുന്ന ഇരുനേതാക്കളും ഒരു പൊതു യോഗത്തിൽ സംസസാരിക്കും. ചൊവ്വാഴ്ച ഭാവ്‌നഗറിൽ നടക്കുന്ന മറ്റൊരു യോഗത്തിലും ഇരുവരും പങ്കെടുക്കും.
ജനങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പ് നൽകുന്നതിനായി താനും മനീഷ് സിസോദിയയും ഇന്ന് ഗുജറാത്തിലേക്ക് പോകുമെന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. 'ഡൽഹിക്ക് സമാനമായി ഗുജറാത്തിലും ഉന്നതനിലവാരമുള്ള സ്കൂളുകളും ആശുപത്രികളും കൊണ്ടുവരും. എല്ലാവർക്കും സൗജന്യമായി നല്ല വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കും'- കെജ്‌രിവാൾ പറഞ്ഞു.
മദ്യനയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രസ്താവന. നേരത്തെ വടക്കൻ ഗുജറാത്ത് സന്ദർശിച്ചപ്പോൾ സൗജന്യ വൈദ്യുതി വിതരണവും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും കെജ്‌രിവാൾ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.