ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈകോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മദ്യനയകേസിൽ ജാമ്യം താല്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. നാളെ തന്നെ ഹരജി പരിഗണക്കണമെന്നും കെജ്രിവാൾ സുപ്രീംകോടതിയെ അറിയിച്ചു. കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവ് ഹൈകോടതിയാണ് താല്കാലികമായി സ്റ്റേ ചെയ്തത്. കേസ് ജൂൺ 25ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ജാമ്യ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ദില്ലി റോസ് അവന്യൂ കോടതിയാണ് മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയോടെയായിരുന്നു നടപടി. ജാമ്യം നൽകിയ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം കോടതി തള്ളിയിരുന്നു. അറസ്റ്റിലായി മൂന്നുമാസം തികയാനിരിക്കെയായിരുന്നു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
കേസിൽ പ്രതിപ്പട്ടികയിലുള്ള ചൻപ്രീത് സിങ് വ്യവസായികളിൽനിന്ന് വലിയ തുകകൾ കൈപ്പറ്റിയെന്നും കെജ്രിവാളിന്റെ ഹോട്ടൽ ബില്ലുകളടക്കം ഇയാൾ അടച്ചിരുന്നുവെന്നുമായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ വാദം. അന്വേഷണ സംഘത്തിന് തന്റെ ഫോണിന്റെ പാസ്വേഡ് നൽകുവാൻ കെജ്രിവാൾ തയാറാവുന്നില്ല. ജാമ്യം നിഷേധിക്കാൻ ഇത് മതിയായ കാരണമാണ്.
കേസിൽ കുറ്റാരോപിതനായ വിജയ് നായരെ കെജ്രിവാൾ ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതിന് തെളിവുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. എന്നാൽ, ഈ വാദങ്ങൾ തള്ളിയാണ് റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.