ഇപ്പോൾ കുറച്ച് തിരക്കാണ്; ഇ.ഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സന്തോഷമേയുള്ളൂ -കെജ്രിവാൾ
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മൂന്നാംതവണയാണ് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാതിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുമായും രാജ്യ സഭ തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇ.ഡിയുടെ ഏതുതരത്തിലുള്ള ചോദ്യങ്ങൾക്കും ഉത്തരം പറയാൻ സന്തോഷമേയുള്ളൂവെന്നും കെജ്രിവാൾ വ്യക്തമാക്കി. ചോദ്യം ചെയ്യലിനുള്ള ഇ.ഡിയുടെ നോട്ടീസ് വ്യക്തമായ താൽപര്യങ്ങൾ മുൻ നിർത്തിയുള്ളതാണെന്നും താൻ ഏതുനിലക്കാണ് ഹാജരാകേണ്ടത് എന്നത് വ്യക്തമായി പറയുന്നില്ലെന്നും ബുധനാഴ്ച എ.എ.പി പുറത്തിറക്കിയ കത്തിൽ സൂചിപ്പിച്ചു.
ഒരു വ്യക്തി എന്ന നിലയിലാണോ അതോ ഡൽഹി മുഖ്യമന്ത്രി നിലയിലാണോ അതുമല്ലെങ്കിൽ എ.എ.പി ദേശീയ കൺവീനർ എന്ന നിലയിലാണോ തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് ഇ.ഡി സമൻസിൽ പറയുന്നില്ലെന്നും കെജ്രവാൾ ചൂണ്ടിക്കാട്ടി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഈ ചോദ്യം ചെയ്യലിന് ഉള്ളൂവെന്ന് എ.എ.പി ആരോപിച്ചു.
അതേസമയം, കെജ്‍രിവാൾ പേടിച്ച് വിറച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് അന്വേഷണ ഏജൻസിക്കു മുന്നിൽ ഹാജരാകാതിരിക്കുന്നതെന്നും മദ്യനയ അഴിമതിയുടെ മുഖ്യ ആസൂത്രകൻ താനാണെന്ന് കെജ്രിവാളിന് നന്നായി അറിയാമെന്നും ബി.ജെ.പി ആരോപിച്ചു.
ഡൽഹിയിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ജനുവരി 19നാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് കെജ്രിവാൾ വിശദീകരിച്ചു. എ.എ.പിയുടെ ദേശീയ കൺവീനർ എന്ന നിലയിൽ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. അതുപോലെ ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ സംഘാടകസ്ഥാനത്ത് നിന്നും മാറിനിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ അന്വേഷണ ഏജൻസി മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാൾ വിശദീകരിച്ചു. ഇ.ഡി ചോദിക്കുന്ന ഏതു ചോദ്യങ്ങൾക്കും അറിയാവുന്ന കാര്യമാണെങ്കിൽ ഉത്തരം നൽകുന്നതിൽ സന്തോഷമേയുള്ളൂവെന്നും അതിന്റെ രേഖകൾ കൈവശമുണ്ടെങ്കിൽഹാജരാക്കാൻ തയാറാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. നേരത്തേ നവംബർ രണ്ടിനും ഡിസംബർ 21നും ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. രണ്ടിലും കെജ്‍രിവാൾ ഹാജരായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.