'പഞ്ചാബിലെ സമാധാനം തകർക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുന്നു'; ലുധിയാന കോടതി സ്‌ഫോടനത്തിൽ പ്രതികരിച്ച് കെജ്‌രിവാൾ
text_fieldsചണ്ഡീഗഡ്: രണ്ടു പേർ മരിക്കാനിടയായ പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ ശക്തമായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ സമാധാനം തകർക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുകയാണെന്ന് കെജ്‌രിവാൾ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മൂന്ന് കോടി ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചുള്ള ട്വീറ്റിൽ കെജ് രിവാൾ വ്യക്തമാക്കി.
'ആദ്യം ക്രൂരത, ഇപ്പോൾ സ്ഫോടനം. പഞ്ചാബിലെ സമാധാനം തകർക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുന്നു. എന്നാൽ, പഞ്ചാബിലെ മൂന്ന് കോടി ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കും. സമാധാനത്തിന് വേണ്ടി നമ്മൾക്ക് പരസ്പരം കൈകോർക്കാം'
'വാർത്ത കേട്ടതിൽ ദുഃഖമുണ്ട്, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ' -കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചക്ക് 12.22ഓടെയാണ് ആറു നിലകളുള്ള കോടതി സമുച്ചയത്തിലെ രണ്ടാം നിലയിലെ കുളിമുറിയിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്‍റെ ശക്തിയിൽ കുളിമുറിയുടെ ഭിത്തിയും സമീപ മുറികളുടെ ജനലുകളും തകർന്നു. സ്‌ഫോടന കാരണം വ്യക്തമല്ല.
സ്ഫോടനത്തിന് പിന്നാലെ കോടതി പരിസരത്തുള്ളവരെ ഒഴിപ്പിച്ച പൊലീസ് പ്രദേശത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ലുധിയാന നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ജില്ലാ കമീഷണറുടെ ഓഫീസിന് സമീപമാണ് ജില്ലാ കോടതി സമുച്ചയം സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.