കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലെത്തിച്ചു. ജയിലിനു പുറത്ത് എ.എ.പി പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകളടക്കം റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. തിഹാർ ജയിൽ നമ്പർ 2ലാണ് കെജ്രിവാളിനെ പാർപ്പിക്കുക.
ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് ഭാര്യ സുനിതയുമായും മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുമായും കൂടിക്കാഴ്ച നടത്താൻ കോടതി അനുമതി നൽകി. മദ്യനയക്കേസിൽ മാർച്ച് 21 ന് അറസ്റ്റിലായ കെജ്രിവാൾ അന്നുമുതൽ ഇ.ഡി കസ്റ്റഡിയിലാണ്. ഇ.ഡി കസ്റ്റഡി അവസാനിച്ചതോടെ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. അദ്ദേഹത്തെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. വാദം കേട്ടശേഷം കോടതി ഇ.ഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
കസ്റ്റഡിയിലുള്ള സമയത്ത് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് എ.എ.പിയിലെ രണ്ട് പ്രമുഖ മന്ത്രിമാരുടെ പേരുകൾ പറഞ്ഞതായും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
കെജ്രിവാളിന്റെ ആരോഗ്യം കണക്കിലെടുത്ത് ജയിലിൽ മരുന്നുകളും പ്രത്യേക ഡയറ്റും അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചിരുന്നു. രാമായണത്തിന്റെയും ശ്രീമദ് ഭഗവത്ഗീതയുടെയും നീരജ ചൗധരിയുടെ ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകത്തിന്റെ കോപ്പികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
അറസ്റ്റിനെതിരെ കെജ്‍രിവാൾ ഡൽഹി കോടതിയിൽ വീണ്ടും ഹരജി നൽകിയിരുന്നു. ഇതിൽ ഏപ്രിൽ രണ്ടിനകം മറുപടി തേടി കോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ മൂന്നിന് ഹരജിയിൽ വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.