രണ്ടുവർഷമായി മദ്യനയ കേസ് ബി.ജെ.പിയുടെ ഏജൻസികൾ അന്വേഷിക്കുന്നു; എന്തെങ്കിലും തുമ്പ് ലഭിച്ചോയെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുക്കുന്ന സന്ദർഭങ്ങളിൽ ഇ.ഡി സമൻസ് അയക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് താൻ ഉണ്ടാകരുതെന്ന് ബി.ജെ.പിക്ക് നിർബന്ധമുണ്ട്. അതിന്റെ ഭാഗമായാണ് ഇ.ഡിയെ രംഗത്തിറക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. മദ്യനയ കേസിൽ താൻ ഒരുതരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച കെജ്രിവാൾ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
''രണ്ടുവർഷത്തിനിടെ നിരവധി തവണ മദ്യനയ അഴിമതിയെ കുറിച്ച് നിങ്ങൾ കേട്ടിടുണ്ടാകും. രണ്ടുവർഷമായി ബി.ജെ.പിയുടെ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകൾ നടത്തി. നിരവധിയാളുകളെ അറസ്റ്റ് ചെയ്തു. എന്നിട്ടും ഒരു നയാപൈസയുടെ അഴിമതി കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. അവർ യഥാർഥത്തിൽ അഴിമതിയെ കുറിച്ചാണ് അന്വേഷിക്കുന്നതെങ്കിൽ ഈ കോടികളൊക്കെ എവിടേക്ക് പോയി? പണമെല്ലാം അന്തരീക്ഷത്തിൽ ആവിയായി പോവുന്നതാണോ?''-െകജ്രിവാൾ ചോദിച്ചു.
മദ്യനയത്തിൽ ഒരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ അഴിമതിപ്പണം കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
ഒരുതെളിവുമില്ലാതെയാണ് അവർ എ.എ.പി നേതാക്കൾ ജയിലടച്ചിരിക്കുന്നത്. അവർക്ക് ആരെയും ജയിലിലടക്കാം. ഇപ്പോൾ അവർക്കാവശ്യം എന്റെ അറസ്റ്റാണ്. തെറ്റായ ആരോപണങ്ങളും അടിസ്ഥാനമില്ലാത്ത സമൻസുകളും അയച്ച് അവർ എന്റെ സ്വത്തുക്കൾ ലക്ഷ്യമിട്ട അവർ എന്റെ പേരും പദവിയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. സമൻസുകൾ നിയമവിരുദ്ധമാണെന്ന് എന്റെ അഭിഭാഷകർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഇ.ഡിക്ക് മറുപടി നൽകിയിട്ടുമുണ്ട്.എന്നാൽ അവർ മറുപടി നൽകിയിട്ടില്ല. കാരണം അവർക്ക് പറയാൻ മറുപടിയില്ല. അന്വേഷണം നടത്തുക എന്നതല്ല ബി.ജെ.പിയുടെ ലക്ഷ്യം. മറിച്ച് അടുത്ത തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഞാൻ ഉണ്ടാവരുത് എന്നാണ് നിർബന്ധം. രണ്ടുവർഷമായി അന്വേഷണം നടക്കുന്ന ഒരു സംഭവത്തിൽ ഒരു തെളിവും അവർക്ക് കണ്ടെത്താനായിട്ടില്ല. തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് അവർ ഹാജരാകാൻ വേണ്ടി സമൻസ് അയക്കുന്നു. എന്തുകൊണ്ട് അവർ അതിനു മുമ്പ് എനിക്ക് സമൻസ് അയക്കുന്നില്ല.-കെജ്രിവാൾ ചോദിച്ചു.
എട്ടുമാസം മുമ്പ് താൻ സി.ബി.ഐക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായ കാര്യവും കെജ്‍രിവാൾ ചൂണ്ടിക്കാട്ടി. മുന്നോട്ടുപോകാൻ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ബി.ജെ.പി, ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് ഭീഷണി മുഴക്കി അവരെയെല്ലാം പാർട്ടിയിൽ ചേർക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.